കൊച്ചി> അമേരിക്കൻ ബഹുരാഷ്ട്ര ധനകാര്യ സേവന സ്ഥാപനം ജെപി മോർഗന്റെ ഗവൺമെന്റ് ബോണ്ട് ഇൻഡക്സ് -എമേർജിങ് മാർക്കറ്റ്സ് (ജിബിഐ––ഇഎം) സൂചികയിൽ ഇന്ത്യൻ സർക്കാരിന്റെ കടപ്പത്രങ്ങളെയും ഉൾപ്പെടുത്താനുള്ള തീരുമാനം കോർപറേറ്റുകൾക്ക് വൻ നേട്ടമുണ്ടാക്കാനാണെന്ന് സാമ്പത്തികവിദഗ്ധർ. ഇതിലൂടെ കടപ്പത്രവിപണിയിലേക്ക് വന്‍തോതില്‍ വിദേശനിക്ഷേപം എത്തുന്നതാണ് കോര്‍പറേറ്റുകള്‍ക്ക് നേട്ടമാകുന്നത്.
ഇന്ത്യന്‍ സര്‍ക്കാരിന്റെ 33,000 കോടി ഡോളര്‍ മൂല്യംവരുന്ന 23 കടപ്പത്രങ്ങള്‍ തങ്ങളുടെ സൂചികയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ യോഗ്യമാണെന്ന് ജെപി മോർഗൻ പറയുന്നു. ഇതിലൂടെ പത്തുമാസംകൊണ്ട് 2400 കോടി ഡോളര്‍ കടപ്പത്രവിപണിയിലേക്ക് എത്തുമെന്നും 2025 ഏപ്രില്‍–-മെയ് ആകുമ്പോഴേക്കും കടപ്പത്രങ്ങളിലെ വിദേശനിക്ഷേപം നിലവിലുള്ള 1.7 ശതമാനത്തില്‍നിന്ന് 3.4 ശതമാനമായി ഉയരുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.
നിലവില്‍ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിവയാണ് പ്രധാനമായും സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുന്നത്. ഇതിലേക്ക് വന്‍തോതില്‍ വിദേശനിക്ഷേപം എത്തുമ്പോള്‍ കടപ്പത്ര ആദായം കുറയുകയും കടമെടുപ്പിന് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ മാനദണ്ഡമാക്കിയിരിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് കുറഞ്ഞ ചെലവില്‍ ധനസമാഹരണത്തിന് വഴിയൊരുങ്ങുകയും ചെയ്യും. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപകുതിയോടെ പത്തുവര്‍ഷ കടപ്പത്രത്തിന്റെ ആദായം നിലവിലുള്ള 7.16 ശതമാനത്തില്‍നിന്ന് ഏഴ് ശതമാനത്തിലേക്ക് താഴുമെന്നാണ് കണക്കാക്കുന്നത്. വിദേശഫണ്ടിന്റെ ഒഴുക്ക് ഡോളറിനെതിരെ രൂപയെ ശക്തിപ്പെടുത്തിയേക്കുമെങ്കിലും കടപ്പത്രവിപണിയെ അസ്ഥിരമാക്കുമെന്ന് വിദഗ്ധര്‍ ആശങ്കപ്പെടുന്നു.
2013 മുതൽതന്നെ കേന്ദ്രം ഈ കൂട്ടിച്ചേര്‍ക്കലിന് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ആഭ്യന്തര കടപ്പത്രത്തില്‍ വിദേശനിക്ഷേപത്തിന് നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ തടസ്സമായി. 2020 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് ഓഹരികളും കടപ്പത്രങ്ങളും അടങ്ങുന്ന ഒരുകൂട്ടം സെക്യൂരിറ്റികളെ വിദേശനിക്ഷേപ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി ആഗോളസൂചികകളില്‍ ഉള്‍പ്പെടുത്താവുന്നവ ആക്കിയാണ് ഈ തടസ്സം മറികടന്നത്.
വിപണിമൂല്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ബാങ്കാണ് ജെപി മോർഗൻ. 2024 ജൂൺ 28 മുതലായിരിക്കും കടപ്പത്രങ്ങള്‍ ജിബിഐ––ഇഎം സൂചികയില്‍ ഉള്‍പ്പെടുത്തുന്നത്. ആദ്യമായാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ പ്രമുഖ ആഗോള കടപ്പത്രസൂചികയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..