മസ്കറ്റ് , ഒമാൻ> ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ രക്ഷിതാക്കളെ സ്കൂൾ മാനേജ്മന്റ് കമ്മിറ്റിയുടെ (എസ് എം സി) നേതൃത്വത്തിൽ സ്കൂളിനുള്ളിൽ പ്രവേശിപ്പിക്കാതെ ഗേറ്റിൽ തടഞ്ഞു. ദീർഘനേരം ഗേറ്റിനു പുറത്തു കാത്തുനിന്ന രക്ഷിതാക്കൾക്ക് നിവേദനം നല്കാനാവാതെ തിരികെ പോരേണ്ടി വന്നു.
ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ (ഐ എസ് എം) കഴിഞ്ഞ കുറ കാലമായി അക്കാഡമിക് രംഗത്ത് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. സ്കൂളിൽ പല വിഷയങ്ങൾക്കും ആവശ്യത്തിനുള്ള അധ്യാപകരില്ല. ചില അധ്യാപകരുടെ അനിയന്ത്രിതമായ പ്രൈവറ്റ് ട്യൂഷൻ അക്കാഡമിക് നിലവാരത്തെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥി നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കാൻ മുൻപ് രക്ഷിതാക്കൾക്ക് അവസരം ലഭിച്ചിരുന്ന പേരെന്റ്സ് ഫോറം അനിശ്ചിതകാലമായി നിർത്തിവെച്ചിരിക്കുകയാണ്. ഇന്ത്യൻ സ്കൂൾ മസ്കറ്റിന്റെ പ്രിൻസിപ്പൽ നേരത്തെ തന്നെ രാജിവെച്ചിരുന്നു. രക്ഷിതാക്കളുടെ നിരന്തര പ്രതിഷേധങ്ങളുടെ ഫലമായി അടുത്തിടെയാണ് പുതിയ പ്രിൻസിപ്പലിന്റെ നിയമനം പോലും നടന്നത്.
രക്ഷിതാക്കളുടെ കൂട്ടായ്മ സമാനമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുൻപ് ഇന്ത്യൻ സ്കൂൾ ഡയറക്റ്റ് ബോർഡ് ചെയർമാനും , തുടർന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർക്കും നിവേദനം നൽകിയിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ ഇടപെടൽ നടത്താമെന്ന് ചെയർമാനും അംബാസഡറും രക്ഷിതാക്കൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ പ്രശ്ങ്ങളിൽ വേണ്ടത്ര വേഗതയിലുള്ള പുരോഗതി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് നേരത്തെ നൽകിയ പരാതികളുടെ തുടർച്ചയായി രക്ഷിതാക്കൾ സ്കൂൾ മാനേജ്മന്റ് കമ്മിറ്റിയുടെ മുൻപിൽ നിവേദനവുമായി എത്തിയത്. എന്നാൽ രക്ഷിതാക്കളുടെ പ്രതിനിധികളെ എസ് എം സി അംഗങ്ങളുടെയും, ഡയറക്ടർ ബോർഡിലെ ചില അംഗങ്ങളുടെയും നേതൃത്വത്തിൽ ഗേറ്റിനു മുൻപിൽ തടഞ്ഞത് വൻ പ്രതിഷേധത്തിനിടയാക്കി.
രക്ഷിതാക്കളെ ഗേറ്റിൽ തടയുകയും നിവേദനം വാങ്ങാൻ തയ്യാറാകാതെയിരിക്കുകയും ചെയ്ത എസ് എം സി യുടെ നടപടി തികച്ചും ധിക്കാരപരവും പ്രതിഷേധാർഹവുമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. രക്ഷിതാക്കളുടെ ഇടപെടലിനെ സ്കൂൾ മാനേജ്മന്റ് കമ്മിറ്റി ഭയത്തോടെ കാണുന്നതായി സംശയിക്കുന്നതായും ചില രക്ഷിതാക്കൾ പറഞ്ഞു.
തികച്ചും വിദ്യാർത്ഥി വിരുദ്ധമായ നടപടികളിൽ നിന്നും സ്കൂൾ മാനേജ്മന്റ് കമ്മിറ്റി പിന്മാറണമെന്നും സ്കൂളിലെ അക്കാഡമിക് നിലവാരം സംരക്ഷിക്കാൻ നിവേദനത്തിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാക്കണമെന്നും രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ സുഗതൻ, ശ്രീകുമാർ, വരുൺ തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..