മണ്ണിനേയും മനുഷ്യരേയും പ്രാണനോളം സ്നേഹിക്കുന്ന ആലപ്പുഴയിലെ വില്ലേജ് ഓഫീസറായ സോമന്റെ ജീവിതം ലളിതമായും സരസമായും പറയുന്ന സിനിമയാണ് ‘സോമന്റെ കൃതാവ്’. നവാഗതനായ രോഹിത് നാരായണൻ തന്റെ ആദ്യത്തെ ചിത്രത്തിലൂടെ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത്.
മനുഷ്യരെ എന്നപോലെ, നമ്മുടെ ചുറ്റുപാടുകളേയും ജീവജാലങ്ങളേയും സ്നേഹിക്കാനും അത് അടുത്ത തലമുറയിലേക്ക് പകർന്ന് നൽകാനും ജീവിതം കൊണ്ട് പഠിച്ച നായകൻ സോമൻ ജൈവ ജീവിതമാണ് പിന്തുടരുന്നത്. നന്നായി ജീവിക്കാനുള്ള അവകാശമുള്ളത് പേലെത്തന്നെ മറ്റുള്ളവർക്ക് മികച്ച ജീവിതം നയിക്കാനുള്ള അവസരം ഒരുക്കികൊടുക്കാനും എല്ലാ മനുഷ്യനും ബാധ്യതയുണ്ട് എന്ന് സോമൻ വിശ്വസിക്കുന്നു.
അയാൾ മനുഷ്യനു വേണ്ടി മാത്രമല്ല, പ്രകൃതിക്കുവേണ്ടിയും ജീവജാലങ്ങൾക്കുവേണ്ടിയും സമരം ചെയ്യുന്ന ഒരുസാധാരണക്കാരനാണ്. മാവിലകൊണ്ട് പല്ലുതേച്ചും ചുക്ക് കാപ്പി കുടിച്ച് പനി മാറ്റിയും അയാൾ പ്രകൃതിയോട് കഴിയാവുന്ന അത്രയും ചേർന്ന് നടക്കുന്നു. ഇതെല്ലാം അയാളെ സമൂഹത്തിന് മുന്നിൽ പലപ്പോഴും കോമാളിയായും അപരിഷ്കൃതനുമൊക്കെയാക്കി മാറ്റുന്നുണ്ട്.
മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്ന ഹിപ്പി കൃതാവും അയാളെ പരിഹാസ്യനാക്കുന്നു. എന്നാൽ അതൊന്നും സോമനെ ബാധിക്കുന്നില്ല. അനുഭവങ്ങൾ നൽകിയ ബോധ്യങ്ങളിലൂടെ, കരുത്തോടെ സഞ്ചരിക്കാനാണ് ജീവിതം അയാളെ പഠിപ്പിച്ചത്. സോമന്റെ ഈ ശൈലി നാട്ടുകാർക്ക് സുപരിചിതമാണ്. ആധുനിക വൈദ്യശാസ്ത്രത്തോട് വിയോജിപ്പുള്ള സോമൻ ഭാര്യയുടെ പ്രസവം പോലും വയറ്റാട്ടിയെ കൊണ്ടാണ് എടുപ്പിക്കുന്നത്.
തമാശയിലൂടെയാണെങ്കിലും സമൂഹം ഗൗരവപൂർവം കാണേണ്ട കാര്യങ്ങൾ സിനിമ പ്രേക്ഷകനുമായി പങ്കുവെക്കുന്നു. രഞ്ജിത്ത് കെ ഹരിദാസിൻ്റെ തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. കുട്ടനാടിന്റെ ഗ്രാമീണ ഭംഗി സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സജിത്ത് പുരുഷന്റെ ഫ്രെയിമുകളെല്ലാം പ്രേക്ഷകരെ കഥയിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ഒരു കൊച്ചു കുടുംബത്തിന്റെ കഥ പറയുന്ന സിനിമ ഗ്രാമത്തിലെ പല തരം മനുഷ്യരാൽ സമ്പന്നമാണ്.
സ്വന്തം മകൾക്ക് ഇന്ത്യ എന്ന പേര് നൽകിയും സോമനും ഭാര്യയും വ്യത്യസ്തരാകുന്നുണ്ട്. കേന്ദ്ര സർക്കാറിനെതിരായി രാജ്യത്ത് രൂപപ്പെട്ട ‘ഇന്ത്യ’ മുന്നണി രൂപീകരണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തിൻ്റെ പേര് ‘ഭാരതം’ എന്നാക്കാനുള്ള കേന്ദ്ര നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ ചിത്രത്തിലെ ഇന്ത്യാ പ്രയോഗം കൗതുകമാകുന്നു. ഇതിലും വെറൈറ്റി പേരായ ക്രിമുഹി (ക്രിസ്ത്യൻ മുസ്ലിം ഹിന്ദു ) എന്നാണ് ആദ്യം മകൾക്ക് ഇടാനിരുന്നത് എന്ന് നായിക പറയുമ്പോൾ തിയേറ്ററിൽ ചിരി പടരുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടുമണിക്കൂർ പ്രേക്ഷകർക്കൊപ്പം തന്മയത്വത്തോടെ സഞ്ചരിക്കുകയാണ് സോമനും കുടുംബവും നാട്ടുകാരും.
പി എസ് ജയഹരിയുടെ മനോഹരമായ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ പെടുന്നു. വിനയ് ഫോർട്ടിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. നാട്ടുമ്പുറത്തുകാരന്റെ ദൈനംദിന ജീവിതവും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം വിനയ് ഉജ്ജ്വലമാക്കി.
നായികയായെത്തിയ ഫറ ഷിബിലയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവേഴ്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയുടെ മുഴുനീള കഥാപാത്രമാണ് ചിത്രത്തിലേത്. സോമന്റെ മകളായി എത്തിയ ബാലതാരം ദേവനന്ദ തൻെറ കഥാപാത്രത്തെ ഗംഭീരമാക്കി. ജയൻ ചേർത്തല, സീമ ജി നായർ, ഗംഗ മീര, റിയാസ് നർമകല, ശ്രുതി സുരേഷ്, സുദീപ് സെബാസ്റ്റ്യൻ, ബിപിൻ ചന്ദ്രൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ബിജീഷ് ബാലകൃഷ്ണനാണ് എഡിറ്റർ. കുടുംബസമേതം തിയേറ്ററിൽ പോയി കാണാവുന്ന മികച്ച ഒരു ഫീൽ ഗുഡ് കുടുംബചിത്രമാണ് ‘സോമൻ്റെ കൃതാവ്’.
ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം മാസ്റ്റർ വർക്സ് സ്റ്റുഡിയോസ് , രാഗം മൂവീസ്, രാജു മല്ല്യത്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..