കുവൈത്ത് സിറ്റി> തൊഴില്‍-താമസ നിയമലംഘനത്തിന്റെ പേരില്‍ കുവൈത്തില്‍ അറസ്റ്റിലായ 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള 60ഓളം വിദേശ തൊഴിലാളികള്‍ മോചിതരായി. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണ് ഇവരെ വിട്ടയക്കുന്നത്. മോചിതരായവരില്‍ 34 പേര് ഇന്ത്യക്കാരാണ്. അറസ്റ്റിലായവരുടെ ബന്ധുക്കളുടെ അപ്പീലിനെ തുടര്‍ന്ന് ഉന്നത അധികാരികളുടെ ഇടപെടലാണ് മോചനം സുഗമമാക്കിയത് . അറസ്റ്റിലായിരുന്ന തൊഴിലാളികള്‍ക്ക് കുവൈത്തില്‍ തുടരാനും അനുവാദമുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കുവൈത്ത് എംബസിയും ഇടപെട്ടിരുന്നു.
കുവൈത്തിലെ മാലിയ മേഖലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന 19 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ മാസമാണ് കസ്റ്റഡിയിലെടുത്തത്. തടവിലാക്കിയവരില്‍ നവജാത ശിശുക്കളുടെ അമ്മമാരും വര്‍ഷങ്ങളായി ഇതേ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്നവരുമായിരുന്നു . വിഷയത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞുങ്ങളെ ജയിലില്‍ എത്തിച്ച് മുലയൂട്ടുന്നതിന് കുവൈത്ത് അധികൃതര്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ഹ്യൂമന്‍ റിസോഴ്സ് കമ്മിറ്റി സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ രാജ്യത്ത് ജോലി ചെയ്യാനുള്ള ലൈസന്‍സോ യോഗ്യതയോ ഇവര്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യക്കാര്‍ക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീന്‍സ്, ഈജിപ്ത്, ഇറാന് പൗരന്മാരെയും മോചിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..