ദുബായ് > ലോക ബഹിരാകാശ വാരാഘോഷങ്ങളോടനുബന്ധിച്ചു എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിച്ചു യുഎഇയിലുടനീളം നിരവധി പരിപാടികളും സ്കൂൾ സന്ദർശനങ്ങളും സംഘടിപ്പിച്ചു യുഎഇ ബഹിരാകാശ ഏജൻസി . ഒക്ടോബർ 4 ന് ആരംഭിച്ച പരിപാടികൾ 10ന് സമാപിക്കും.
ബഹിരാകാശത്തും സാങ്കേതികവിദ്യയിലും നൂതനത്വത്തിന്റെയും മികവിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള ഏജൻസിയുടെ സമഗ്രമായ വീക്ഷണങ്ങൾ പരിപാടികളിൽ കാണാം. യുഎഇ സ്പേസ് ഏജൻസിയും ലൂവ്രെ അബുദാബിയുമായി ചേർന്നു യൂത്ത് കൗൺസിലിനായി പരിപാടികൾ സംഘടിപ്പിച്ചു. യുഎഇ ബഹിരാകാശ ഏജൻസി സംഘടിപ്പിച്ച പോസ്റ്റ്കാർഡ് മത്സരത്തോടെയാണ് ലോക ബഹിരാകാശ വാരം ആരംഭിച്ചത്. യുവ സർഗ്ഗാത്മക പ്രതിഭകളെ പിന്തുണയ്ക്കാനും പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു മത്സരം.
ബഹിരാകാശ മേഖലയെക്കുറിച്ചും അതിന്റെ അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും വിദ്യാർത്ഥികൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുന്നതിനും ആഗ്രഹങ്ങൾ ഉത്തേജിപ്പിക്കുന്നതിനുമായി യുഎഇ ബഹിരാകാശ ഏജൻസി എമിറേറ്റുകളിലുടനീളമുള്ള സ്കൂൾകളും സന്ദർശിക്കുന്നുണ്ട്. ഈ സന്ദർശനങ്ങളിലുടനീളം ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ യുഎഇയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് രാജ്യത്തിന്റെ ഭാവി ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും പ്രചോദനമാകുമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.
എഞ്ചിനീയർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും പങ്കാളിത്തത്തോടെയുള്ള പാനൽ ചർച്ചകളും സെഷനുകളും അവതരിപ്പിക്കുന്നുണ്ട്. ബഹിരാകാശ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക പരിപാടികളിലൊന്നാണ് ലോക ബഹിരാകാശവാരം.
ആഗോള വ്യാപാരത്തിൽ ബഹിരാകാശത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനവും ബഹിരാകാശ സംരംഭകത്വത്തിന്റെ മേഖലയിൽ ഉയർന്നുവരുന്ന അവസരങ്ങളും ലോക ബഹിരാകാശ വാരം ഉയർത്തിക്കാട്ടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..