കുവൈത്ത് സിറ്റി > കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അനധികൃതമായി ടാക്സി സർവീസ് നടത്തുന്ന പ്രവാസികളെ പിടികൂടി നാടുകടത്തുന്നതിന് ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
വിമാനത്താവളത്തിൽ 24 മണിക്കൂറും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരെ വിന്യസിക്കാനാണ് ഉത്തരവ്. വിമാനത്താവളത്തിൽ നിന്ന് ഔദ്യോഗിക എയർപോർട്ട് ടാക്സി വഴി മാത്രം യാത്രക്കാരെ കടത്തിവിടാനും ട്രാഫിക്, അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്ന ബിദൂനികളാണെങ്കിൽ വാഹനം രണ്ട് മാസത്തേക്ക് കണ്ടുകെട്ടുകയും ഗുരുതരമായ ലംഘനം നടത്തിയതിന് ട്രാഫിക് പോലീസ് 48 മണിക്കൂർ കസ്റ്റഡിയിൽ വെക്കുകയും വേണമെന്നു നിർദേശം നൽകിയിട്ടുണ്ട്.
പ്രവാസി ഡ്രൈവർമാർ അനധികൃതമായി യാത്രക്കാരെ കയറ്റുന്നത് എയർപോർട്ട് ടാക്സി ഉടമകളുടെ ഉപജീവനത്തെ ബാധിക്കുമെന്ന എയർപോർട്ട് ടാക്സികളിൽ നിന്ന് വിരമിച്ച സ്വദേശികളിൽ നിന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.അഞ്ഞൂറോളം വരുന്ന ഇവരുടെ പരാതികളും ആവശ്യങ്ങളും അവലോകനം ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി, സുരക്ഷാ നേതാക്കളുമായി ഉടൻ തന്നെ യോഗം ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..