ഡബ്ലിന്‍ > ഇരുന്നൂറോളം ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ മൈഗ്രന്റ് നഴ്സസ് അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ഐറിഷ് പാര്‍ലമെന്റിനുമുന്നില്‍ പ്രതിഷേധിച്ചു. പ്രവാസികളുടെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമാണ് പാര്‍ലമെന്റിന് മുന്നില്‍ നടന്നത്.ഹെല്‍ത്ത് കെയര്‍ അസിറ്റന്റുമാര്ക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരാന്‍ സാധിക്കുന്ന രീതിയില്‍ ശമ്പളം ഉയര്‍ത്തുകയും വര്‍ക്ക് പെര്‍മിറ്റ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും അവരെ ക്രിട്ടിക്കല്‍ സ്കില്‍ പെര്‍മിറ്റ് നല്‍കുന്നതിനായി പരിഗണിക്കുകയും വേണം എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
നേരത്തെ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മൈഗ്രന്റ് നഴ്സസ് അയര്‍ലണ്ട് ഭാരവാഹികള്‍ പാര്‍ലമെന്റിലെത്തി എം പിമാരുടെ മുന്നിലും സ്പീക്കറുടെ മുന്നിലും ഈ വിഷയം അവതരിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഹെല്‍ത്ത് കെയര്‍ വിദ്യാഭ്യാസ യോഗ്യതകളുള്ള കെയര്‍ അസിസ്റ്റന്റുമാര്‍ക്കു QQiലെവല്‍ 5 കോഴ്സ് ചെയ്യണം എന്ന ചട്ടം മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയുമുണ്ടായി. എന്നാല്‍ ഫാമിലി സ്റ്റാറ്റസിന്റെ കാര്യത്തില്‍ തീരുമാനമാവാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സമരവുമായി സംഘടന മുന്നോട്ടുവന്നത്.
നാഷണല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോയ്, ജോയിന്റ് കണ്‍വീനര്‍ ഐബി തോമസ്, കോര്‍ക്കില്‍ നിന്നുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എം പി മിക്ക് ബാരി, ഡബ്ലിനില്‍ നിന്നുള്ള സ്വതന്ത്ര എം പി ജോന് കോളിന്‍സ്, ഡബ്ലിനില്‍ നിന്നുള്ള പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് എം പി പോള്‍ മര്‍ഫി, കാവന്മൊണാഹാന് മണ്ഡലത്തില്‍ നിന്നുള്ള, ഭരണകക്ഷിയായ ഫിന ഫാള്‍ എം പി നീവ് സ്മിത്ത്, ഫിന ഫാളിന്റെ സെനറ്റര്‍ മേരി ഫിറ്റ്സ്പാട്രിക്ക്, യുണൈറ്റ് ട്രേഡ് യൂണിയന്റെ റീജിയണല്‍ സെക്രെട്ടറി സൂസന് ഫിറ്റ്സ്പാട്രിക്ക്, ഡബ്ലിനില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗവും സാമൂഹ്യപ്രവര്‍ത്തകയുമായ റൂത്ത് കോപ്പിഞ്ചര്‍, ഷിജി ജോസഫ്, രാജേഷ് ജോസഫ്, ഷാന്റോ വര്‍ഗ്ഗീസ് എന്നിവര്‍ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ച എല്ലാ എം പിമാരും വിഷയം തുടര്‍ന്നും പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും ഇത് പരിഹരിക്കുന്നതുവരെ ഇതിനോടൊപ്പം നില്‍ക്കുകയും ചെയ്യും എന്ന് ഉറപ്പു നല്‍കുകയും ചെയ്തു. സമരം നടന്ന അന്നുന്നെ എം പി മിക്ക് ബാരി ഈ വിഷയം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ലിയോ വരാദ്കറോട് ചോദ്യമായി ഉന്നയിക്കുകയും പരിശോധിച്ചിട്ടു മറുപടി പറയാമെന്നു പ്രധാനമന്ത്രി മറുപടി പറയുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..