ജിദ്ദ > ജിദ്ദയിൽ നടന്നു വരുന്ന ഇരുപതാമത് സിഫ് – ഈസ് ടീ ചാമ്പ്യൻസ് ലീഗ് 2023 ൽ നിലവിലെ ജേതാക്കളായ ചാംസ് സബീൻ എഫ്സിക്കു തോൽവി, മൂന്നിനെതിരെ നാല് ഗോളുകൾക്ക് പവർ ഹൌസ് മഹ്ജർ എഫ്സി യാണ് ചാമ്പ്യൻമാരെ അട്ടിമറിച്ചത്. ISL ,ഐ ലീഗ് യൂണിവേഴ്സിറ്റി കളിക്കാരുടെ നീണ്ട നിര തന്നെ ഇരുഭാഗത്തും അണിനിരന്ന, തുല്യ ശക്തികൾ തമ്മിലുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിന് ജിദ്ദ വസീരിയ സ്റ്റേഡിയത്തിൽ റെക്കോർഡ് ജനക്കൂട്ടം സാക്ഷികളായി. കളി നിയന്ത്രിച്ച സൗദി പാനൽ റഫറി ബദർ അൽ ജൂന്ധിയുടെ അവസാന വിസിൽ മുഴങ്ങിയപ്പോൾ സ്കോർ ബോർഡിൽ മഹ്ജർ എഫ്സി 4 സബീൻ എഫ്സി 3.
പ്രതിരോധ നിരയിൽ പരമ്പരാഗത രീതിയിൽ നാല് ഡിഫൻഡേഴ്സിനെ നില നിർത്തിക്കൊണ്ട് എതിർ ടീമിന്റെ അക്രമണങ്ങളെ മധ്യനിരയിൽ തന്നെ തടഞ്ഞു സഡൻ കൗണ്ടർ അറ്റാക്കിന് പ്രാപ്തമാക്കി ആധുനിക ഫുടബോളിലെ 4-2-2-2 എന്ന സങ്കീർണ ഫോർമേഷനിൽ ടീമിറക്കിയ സബീൻ മാനേജർ സഹീർ പുത്തനെ തടയാൻ 4-4-2 പരമ്പരാഗത ഫോർമേഷനിൽ ആങ്കറിങ് പൊസിഷനിൽ പരിചയ സമ്പന്നമായ സക്കിർ മാനുപ്പയെ നിയമിച്ചു പിടിച്ചു കെട്ടാനാണ് മഹ്ജർ എഫ്സി മാനേജർ സുൾഫിക്കർ ശ്രമിച്ചത്.
പന്തടക്കം കൊണ്ടും, വേഗത കൊണ്ടും എതിരെ ഡിഫൻഡർമാർക്ക് നിരന്തര തലവേദന സൃഷ്ടിക്കുന്ന മുൻ സന്തോഷ് ട്രോഫി താരം അഫ്ദ്ൽ മുത്തുവിനെ പിടിച്ചു കെട്ടുന്നതിൽ മഹ്ജർ എഫ്സിയുടെ സ്റ്റോപ്പർ ബാക്ക് മുഹമ്മദ് അർഷാദ് അസാധ്യ മിടുക്ക് കാട്ടിയപ്പോൾ, അഫദലിനെ തടയുന്നതിൽ മുഹമദ് ജാസിമും ഇടതു വിങ് ബാക് നൗഫൽ ചുക്കാർ ഹസ്സനും പലപ്പോഴും പരാജയപെട്ടു.
ആദ്യ പകുതിയുടെ ആദ്യ മിനിറ്റുകളിൽ രണ്ടു തവണ മഹ്ജർ എഫ്സി ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി സബീൻ ഗോൾ നേടിയെന്ന് തോന്നിച്ചുവെങ്കിലും ഒരു തവണ ഹൈ ബൈസിക്കിൾ കിക്കിലൂടെ മുഹമ്മദ് ജാസിമും രണ്ടാം തവണ ഗോൾ കീപ്പർ ശരത്തും അപകട മൊഴിവാക്കി. കളിയുടെ പതിനേഴാം മിനുട്ടിൽ മഹ്ജർ എഫ്സിക്ക് വേണ്ടി അഹമ്മദ് ഫൈസൽ സ്കോർ ചെയ്തു. സബീൻ എഫ്സി ഡിഫൻഡർമാരുടെ ആശയകുഴപ്പം മുതലാക്കിയ കളിക്കാർക്കിടയിൽ പോരാളി എന്ന അപര നാമത്തിൽ അറിയപ്പെടുന്ന അഹമ്മദ് ഫൈസലിന്റെ ഷോട്ടിന് മുന്നിൽ സബീൻ നായകൻ കൂടിയായ ഗോൾ കീപ്പർ ശറഫുദ്ധീന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്കോർ 1-0.
ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച സബീൻ എഫ്സിക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ ലഭിച്ച തുറന്ന് അവസരം പരിചയ സമ്പന്നനായ സുധീഷ് പാഴാക്കിയപ്പോൾ ആശ്വസിച്ച മഹ്ജർ എഫ്സിക്കു പക്ഷെ ആ ആശ്വാസത്തിന് അല്പായുസായിരുന്നു, കളിയുടെ 24 മിനുട്ടിൽ അമീൻ കോട്ടകുത്തിലൂടെ സബീൻ സമനില നേടി.1-1.
ഒന്നാം പകുതിക്ക് പിരിയുന്നതിനു മുമ്പ് സമാനത്തുൽ നസ്രീനിലൂടെ ഒരു ഗോൾ കൂടി നേടിയ സബീൻ 2-1 നു ലീഡെടുത്താണ് മടങ്ങിയത്.
രണ്ടാം പകുതിയിൽ മഹ്ജർ മിഡ് ഫീൽഡർ മുഹമ്മദ് റോഷനെ പിൻവലിച്ചു പകരം മുന്നേറ്റ നിരയിലേക്ക് പ്രിൻസ് ദാമോദരനെ കൊണ്ട് വരാനുള്ള തീരുമാനം, കളിയുടെ ഗതിയിൽ കാര്യമായ മാറ്റമുണ്ടാക്കി, മഹ്ജർ എഫ്സിയുടെ ആക്രമണത്തിന് കൂടുതൽ മൂർച്ച കൈവന്നു, മഹ്ജർ ലീഡ് നേടിയേക്കുമെന്നു തോന്നിച്ച സമയത്താണ്, മഹ്ജർ വിങ് ബാക്ക് ജാസിമിന്റെ തീർത്തും അശ്രദ്ധമായ കളിക്ക് മഹജ്ർ കനത്ത വില നൽകേണ്ടി വന്നത്, ബോക്സിനു പുറത്തു കിട്ടിയ പന്ത് അനാവശ്യമായി വൈകിപ്പിച്ചും, അപകടരമായി ഡ്രിബിളിംഗിന് ശ്രമിച്ചു കൈവിട്ടതോടെ പന്തുമായി മുന്നേറിയ ഷിബിലിനെ ബോക്സിൽ ഫൗൾ ചെയ്തതിന് മഞ്ഞ കാർഡും പെനാൽറ്റി കിക്കും, കിക്കെടുത്ത അമീന് പിഴച്ചില്ല (3-1).
കളി കൈവിട്ടുവെന്ന് കരുതിയിടത്തു നിന്നും പിന്നീട് കണ്ടത് മഹജ്ർ എഫ്സിയുടെ ഗംഭീര തിരിച്ചു വരവായിരുന്നു, ഇടതു വിങ്ങിൽ പ്രിൻസ് ദാമോദരൻ, മധ്യത്തിൽ അഹമ്മദ് ഫൈസൽ, വലതു ഭാഗത്ത് മുഹമ്മദ് റിൻഷാദ്, മധ്യ നിരയിൽ ഫഹുദും സാക്കിർ മാനുപ്പയും, ത്വൽഹത്തും, കയറി കളിച്ചു മധ്യ നിരക്ക് കട്ട സപ്പോർട്ടുമായി മുഹമ്മദ് അർഷദ്, സബീൻ ഗോൾമുഖത്ത് നിരന്തരം റൈഡ് ചെയ്ത മഹ്ജർ എഫ്സി ത്വൽഹത്തിലൂടെ രണ്ടാം ഗോളും, മുഹമ്മദ് അർഷാദിൻറെ ബൂട്ടിൽ നിന്നും മൂന്നാം ഗോളും കണ്ടെത്തി സ്കോർ (3-3).
കളി സമനിയലിൽ അവസാനിച്ചുവെന്ന് കരുതിയിരുന്നപ്പോഴാണ് ടൂർണമെന്റിലെ തന്നെ മികച്ച ഗോൾ, മഹ്ജർ എഫ്സിയുടെ വിജയ ഗോൾ പിറന്നത്. മധ്യ കുമ്മായ വരയുടെ പത്തു വാര അകലെ നിന്നും സ്റ്റേഡിയത്തിന്റെ വലതു ഭാഗത്തു നിന്നും സക്കീറിൽ നിന്നും ലഭിച്ച പന്ത്, ത്വൽഹത്തിന്റെ ബുള്ളറ്റ് ഷോട്ട്, ഒരു ലോങ്ങ് റേഞ്ചർ ഷോട്ട് പ്രതീക്ഷിക്കാതെ നിന്നിരുന്ന സബീൻ ഗോൾ കീപ്പർ പക്ഷെ മുഴുനീളെ ഇടത്തോട്ട് പറന്നുയർന്ന് പന്ത് തട്ടിയകറ്റാൻ ശ്രമിച്ചുവെങ്കിലും, പന്ത് കൃത്യം വലയിൽ തന്നെ പതിച്ചു. (4-1) ലീഡെടുക്കുമ്പോൾ കളി വൈകിപ്പിക്കുന്നതിൽ ഇരു ടീമുകളും മിടുക്കു കാട്ടിയപ്പോൾ ആറു മിനുട്ട് അധിക സമയം നൽകിയായിരുന്നു കളി നിയന്ത്രിച്ച റഫറി ബദറിൻറെ പരിഹാര ക്രിയ മഹ്ജർ പ്രതിരോധത്തിൽ വന്മതിൽ തീർത്ത മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അർഷാദിനു മലയാളം ന്യൂസ് റിപ്പോർട്ടർ മായിൻ കുട്ടി ട്രോഫി നൽകി.
ബി ഡിവിഷനിൽ ആദ്യ മത്സരത്തിൽ അനലിറ്റിക്സ് റെഡ് സീ ബ്ലാസ്റ്റേഴ്സ് ഒന്നിതിരെ നാല് ഗോളുകൾക്ക് മക്ക ബിസിസി യെ പരാജയപ്പെടുത്തി, മുനവ്വർ അലി, മുഹമ്മദ് നൂറുദീൻ, മുഹമ്മദ് ഫാസിൽ അബ്ദുൽനാഫിഹ് എന്നിവർ വിജയികൾക്കായി ഗോൾ നേടിയപ്പോൾ മക്ക ബിസിസിയുദ് ആശ്വാസ ഗോൾ മുഹമ്മദ് ഉണ്ണിയുടെ വകയായിരുന്നു.
മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റെഡ് സീ യുടെ മുഹമ്മദ് ഫാസിലിന് പി.ടി. ഷെരീഫ് മാസ്റ്റർ ട്രോഫി നൽകി. രണ്ടാ മത്സരത്തിൽ ഐവ ഫുഡ്സ് പവേഡ് ബൈ അബീർ ബ്ലൂസ്റ്റാർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് മോഡേൺ ഫുഡ്സ് ഫ്രൈഡേ ഫ്രെണ്ട്സ് ജിദ്ദ ജൂനിയർ നെ പരാജയപ്പെടുത്തി. ദിൽഷാദ്, മുഹമ്മദ് അനസ്, മുഹമ്മദ് ആഷിഫ് എന്നവർ ഓരോ ഗോൾ വീതവും മുഹമ്മദ് ആഷിക് രണ്ടു ഗോളും നേടിയപ്പോൾ മുഹമ്മദ് ജാസിം, മുഹമ്മദ് തസ്നീം എന്നിവർ ഫ്രൈഡേ ഫ്രണ്ട്സിന് വേണ്ടി ഗോളുകൾ നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..