മസ്കറ്റ് > ഒമാനിൽ ക്രൂയിസ് സീസൺ 2023 അടുത്തയാഴ്ച ആരംഭിക്കും. ഈ സീസണിലെ ആദ്യത്തെ ക്രൂയിസ് കപ്പൽ ക്രിസ്റ്റൽ സിംഫണി സലാല പോർട്ടിൽ 22 നും മസ്കറ്റിലെ സുൽത്താൻ ഖാബൂസ് പോർട്ടിൽ (പിഎസ്ക്യൂ ) 24 നും എത്തിച്ചേരും. മെയിൻ ഷിഫ് 2 (27), എയ്ഡ്അബെല്ല (ഒക്ടോബർ 28), അസാമാര ജേർണി (നവംബർ 11) എന്നിവയാണ് തുടർന്നുള്ള ദിവസങ്ങളിൽ പിഎസ്ക്യൂവിലെത്തുന്ന മറ്റ് കപ്പലുകൾ.
എയ്ഡാ കോസ്മ (6,000 യാത്രക്കാർ), എംഎസ്സി വിർറ്റുസ (5,700 യാത്രക്കാർ), എയ്ഡ് അപ്രീമ (3,000 യാത്രക്കാർ) എന്നിവയാണ് പോർട്ട് സുൽത്താൻ ഖാബൂസിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റു വലിയ കപ്പലുകൾ. കസബ് പോർട്ടിൽ ആദ്യത്തെ കപ്പൽ നവംബർ ഒന്നിന് എത്തും. കണക്കുകൾ പ്രകാരം 2022 ൽ 74 ക്രൂയിസ് കപ്പലുകളും 149,000 യാത്രക്കാരും സുൽത്താൻ ഖാബൂസ് പോർട്ടിലെത്തിയിരുന്നു.
ക്രൂയിസ് ടൂറിസത്തിന് പ്രതിവർഷം ദശലക്ഷക്കണക്കിന് റിയാലിന്റെ സാമ്പത്തിക സാധ്യതയുള്ളതിനാൽ കൂടുതൽ ക്രൂയിസ് കപ്പലുകളും സ്വകാര്യ യാനങ്ങളും ഒമാനിലേക്ക് ആകർഷിക്കാൻ സാധിക്കുന്ന തരത്തിൽ തുറമുഖങ്ങൾ നവീകരിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ ഒമാൻ ടൂറിസം മന്ത്രാലയം അന്താരാഷ്ട്ര കമ്പനിയുമായി പഠനം നടത്തുന്നുണ്ട്. 3,165 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ നിക്ഷേപം നടത്തി കൂടുതൽ ക്രൂയിസ് കപ്പലുകളെ ആകർഷിക്കുന്നത്തിനും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായി ഒമാനെ മാറ്റുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം ബിൻ മുഹമ്മദ് അൽ ഗസ്സാനി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ചാർട്ടർ വിമാന കമ്പനിയിലൊന്നായ ടിയുഐ എയർവേയ്സ് ശൈത്യകാല ടൂറിസം സീസണിൽ മസ്കറ്റിലേക്കു ചാർട്ടർ വിമാന സർവീസ് നടത്തും. യുണൈറ്റഡ് കിംഗ്ഡം, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചാർട്ടർ സർവീസ് നടത്തുന്ന വിമാന കമ്പനിയാണ് ബ്രിട്ടൻ ആസ്ഥാനമായുള്ള ടിയുഐ എയർവേയ്സ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..