മസ്കറ്റ് > ഗാസ മേഖലയിൽ നിലനിൽക്കുന്ന സംഭവങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിനുവേണ്ടി ജിസിസി മന്ത്രിതല കൗൺസിലിന്റെ 43-ാമത് അടിയന്തിര സമ്മേളനം ചൊവ്വാഴ്ച മസ്കറ്റിൽ ചേർന്നു. നിലവിൽ ജിസിസി പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന രാജ്യമായ ഒമാന്റെ അഭ്യർത്ഥന പ്രകാരം മറ്റു ജിസിസി രാജ്യങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ഗാസയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതല കൗൺസിലിന്റെ അടിയന്തര സമ്മേളനം വിളിച്ചതെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി പറഞ്ഞു.
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ പാലസ്തീൻ റെഫ്യൂജീസ് കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനിയുമായി ഫോണിൽ സംസാരിച്ചു. ഗാസയിൽ ദുരിതാശ്വാസ സഹായ വിതരണം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ചർച്ച ചെയ്തു. ഗാസയിലെ ജനങ്ങൾക്ക് വൈദ്യുതി, വെള്ളം , ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുടെ ലഭ്യത അടിയന്തിരമായി പുനരാരംഭിക്കണമെന്നും ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായും തിങ്കളാഴ്ച ഫോണിൽ കൂടിയാലോചനകൾ നടത്തി. ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. മേഖലയിൽ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്നും, ഫലസ്തീന് സ്വയം നിർണയാവകാശം നൽകി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കണമെന്നും നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..