ഏഷ്യൻ പാരാഗെയിംസിൽ അമ്പെയ്ത്തിൽ സ്വർണ്ണം നേടിയ ശീതൾ ദേവി ആരെയും ഒന്ന് അമ്പരപ്പിക്കും. ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച ജമ്മുകാശ്മീരുകാരിയായ ഈ പതിനാറുകാരിയെ അഭിനന്ദിച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ശീതൾ ദേവിയുടെ അമ്പെയ്ത്തു വീഡിയോ ചാക്കോച്ചൻ ഷെയർ ചെയ്തിരിക്കുന്നത്.
“നിങ്ങൾക്ക് അമ്പെയ്ത്തിൽ മത്സരിയ്ക്കാൻ കൈ ആവശ്യമാണ്! എങ്കിൽ കണ്ടോളൂ,” എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.
അമ്പെയ്യാൻ കൈ ആവശ്യമാണെന്ന മറ്റുള്ളവരുടെ തെറ്റിദ്ധാരണയെ തിരുത്തി കുറിയ്ക്കുക ആണ് ശീതൾ. കൈയില്ലാതെ അമ്പെയ്ത്ത് മത്സരത്തിൽ, രാജ്യാനന്തര തലത്തിൽ പങ്കെടുക്കുന്ന ആദ്യ വനിത എന്ന ബഹുമതിയും ശീതൾ നേടി.
നിശ്ചയദാർഡ്യവും ആത്മാഭിമാനവും കലർന്ന ചിരി ശീതളിൽ ദൃശ്യമാണ്. കാല് കൊണ്ട് എയ്ത് നിമിഷനേരം കൊണ്ടാണ് ശീതൾ അമ്പ് ലക്ഷ്യത്തിൽ കൊള്ളിക്കുന്നതും സ്വർണ്ണം നേടുന്നതും.
“എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ആണെന്റെ ബലം. എനിയ്ക്ക് കൈ ഇല്ലെന്ന് തിരിച്ചറിയുമ്പോഴുള്ള ആളുകളുടെ പ്രതികരണം ഞാൻ വെറുക്കുന്നു. ഞാൻ സ്പെഷ്യൽ ആണെന്ന് ആണ് ഈ മെഡൽ തെളിയിക്കുന്നത്. ഇത് എന്റേത് മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ ആണ്,” ശീതൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
ശീതളിന്റെ പരിശീലകരായ അഭിലാഷ് ചൗധരിയും കുൽദീപും കൈകളില്ലാത്ത ഒരാളെ പരിശീലിപ്പിയ്ക്കുന്നത് ആദ്യമായാണ്. ശീതളിനെ കൊണ്ട് സാധിയ്ക്കുമോ എന്ന സംശയം ആദ്യഘട്ടത്തിൽ നിലനിന്നിരുന്നുവെങ്കിലും 2012ലെ പാരാ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ മാർക്ക് സ്റ്റട്ട് മാന്റെ വീഡിയോ ആണ് പ്രചോദനമായതെന്നാണ് പരിശീലകർ പറയുന്നത്. ഇന്ന് മാർക്കിന്റെ പേരിനൊപ്പം അല്ലെങ്കിൽ അതിനുമുകളിൽ കേൾക്കാവുന്ന പേരായി മാറിയിരിക്കുകയാണ് ശീതൾ.
2021ൽ ഇന്ത്യൻ ആർമി നടത്തിയ ഒരു ക്യാമ്പിൽ വെച്ചാണ് ശീതൾ സൈനികരുടെ ശ്രദ്ധയാകർഷിയ്ക്കുന്നത്. അങ്ങനെ പതിനൊന്ന് മാസം നീണ്ടു നിന്ന പരിശീലനമാണ് ശീതളിനെ ഈ നേട്ടത്തിലേയ്ക്ക് എത്തിച്ചത്.
ദിവസവും 50-100 അമ്പുകൾ എയ്തുകൊണ്ടാണ് ശീതളിന്റെ തുടക്കം. പരിശീലനങ്ങൾക്ക് ഒടുവിൽ എണ്ണം 300 ആയി ഉയർന്നു. ആറുമാസത്തിനുശേഷം, സോനെപത്തിൽ നടന്ന പാരാ ഓപ്പൺ നാഷണൽസിൽ വെള്ളി മെഡൽ നേടി. ഓപ്പൺ നാഷണൽസിൽ കഴിവുറ്റ അമ്പെയ്ത്തുകാരോട് മത്സരിച്ചപ്പോൾ ശീതൾ നാലാമതായി ഫിനിഷ് ചെയ്യുകയും ചെയ്യ്തിരുന്നു.
കാലു കൊണ്ട് വിസ്മയം തീർത്ത ശീതളിന് അഭിനന്ദന പ്രവാഹമാണ് എല്ലായിടങ്ങളിൽ നിന്നും. ശീതളിന് സമ്മാന വാഗ്ദാനങ്ങളും നിരവധിയാണ്. ശീതളിന് ഒരു കാർ സമ്മാനമായി നൽകുമെന്ന് വാഹന കമ്പനിയായ മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര വാഗ്ദാനം ചെയ്തിരുന്നു. ശീതളിന് ഇഷ്ടപ്പെട്ട കാർ തിരഞ്ഞെടുക്കാമെന്നാണ് ആനന്ദ് ട്വിറ്ററിലൂടെ കുറിച്ചത്.