ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്സർ ഇനി ഇന്ത്യൻ താരത്തിന്റെ പേരിലല്ല
ഇന്നത്തെ മത്സരത്തിൽ രണ്ടേ രണ്ട് സിക്സറുകൾ മാത്രമാണ് താരത്തിന് അടിക്കാനായത്.
ഇന്ത്യയിൽ പുരോഗമിക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ സിക്സർ നേടിയ താരം ഇനി ശ്രേയസ് അയ്യരല്ല. അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ മധ്യനിര ബാറ്റർ നേടിയ 101 മീറ്ററിന്റെ സിക്സറിനെ പിന്നിലാക്കിയത് ഒരു ഓസീസ് താരമാണ്. ഇന്ത്യയുടെ മരുമകൻ കൂടിയായ ഗ്ലെൻ മാക്സ് വെൽ ആണ് നിലവിലെ റെക്കോർഡ് ഹോൾഡർ.
ഇന്ന് ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് മാക്സി ലോകകപ്പിലെ ഏറ്റവും വലിയ സിക്സർ ധർമ്മശാലയിലെ ഗ്രൌണ്ടിൽ പറത്തിയത്. 104 മീറ്ററാണ് ഈ സിക്സറിന്റെ ദൂരം. ശ്രേയസ് അയ്യർക്ക് പിറകിലായി ഡേവിഡ് വാർണർ (98 മീറ്റർ), ഡാരിൽ മിച്ചൽ (98 മീറ്റർ), ഡേവിഡ് മില്ലർ (95 മീറ്റർ) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
ഇന്നത്തെ മത്സരത്തിൽ രണ്ടേ രണ്ട് സിക്സറുകൾ മാത്രമാണ് താരത്തിന് അടിക്കാനായത്. കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ അടിച്ചുതകർക്കാനുള്ള മൂഡിലായിരുന്നു ഇന്നും ഓസീസ് താരം. എന്നാൽ, അഞ്ച് ഫോറും രണ്ട് സിക്സും സഹിതം, 24 പന്തിൽ നിന്ന് 41 റൺസെടുത്ത് നിൽക്കെ താരം പുറത്തായി. ജെയിംസ് നീഷാമിന്റെ പന്തിൽ ട്രെന്റ് ബോൾട്ടിന് ക്യാച്ച് നൽകിയാണ് മാക്സ് വെൽ മടങ്ങിയത്.
കഴിഞ്ഞ മത്സരത്തിൽ ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി മാക്സ് വെൽ സ്വന്തമാക്കിയിരുന്നു. നെതർലൻഡ്സിനെതിരെ വെറും 40 പന്തിൽ നിന്നാണ് താരം 100 റൺസ് നേടിയത്. മുമ്പ് 2015ൽ ശ്രീലങ്കയ്ക്കെതിരെ 51 പന്തിൽ നിന്ന് നേടിയ സെഞ്ചുറിയുടെ സ്വന്തം പ്രകടനത്തേയും താരം മറികടന്നു. ഈ ലോകകപ്പിൽ എയ്ഡൻ മാർക്രം ശ്രീലങ്കയ്ക്കെതിരെ നേടിയ 49 പന്തിലെ സെഞ്ചുറിയെന്ന ലോക റെക്കോഡാണ് ആഴ്ചകൾക്കുള്ളിൽ പഴങ്കഥയായത്.