വീണ്ടും അതിവേഗ സെഞ്ചുറി, സിക്സർ മഴയുമായി റൺമല ഉയർത്തി ഓസീസ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.2 ഓവറിൽ 388 റൺസിന് എല്ലാവരും പുറത്തായി.
ലോകകപ്പിലെ മറ്റൊരു ഹൈ വോൾട്ടേജ് മത്സരത്തിൽ ട്രാവിഡ് ഹെഡിന്റെ ഇടിവെട്ട് സെഞ്ചുറിയുടെ കരുത്തിൽ ഓസീസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.2 ഓവറിൽ 388 റൺസിന് എല്ലാവരും പുറത്തായി. അതേസമയം, മത്സരത്തിൽ 67 പന്തിൽ നിന്ന് 109 റൺസാണ് ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. വെറും 59 പന്തിൽ നിന്നാണ് ഹെഡ് മൂന്നക്കം കടന്നത്.
മികച്ച ബൌളിങ്ങ്-ഫീൽഡിങ്ങ് ഓൾറൌണ്ടർമാരുള്ള ന്യൂസിലൻഡിന്റെ ടീമിനെയൊന്നാകെ ഞെട്ടിക്കുന്ന പ്രകടനമാണ് ഓസീസ് ധർമ്മശാലയിൽ പുറത്തെടുത്തത്. ആദ്യ വിക്കറ്റിൽ 175 റൺസിന്റെ കൂട്ടുകെട്ടാണ് വാർണർ-ഹെഡ് സഖ്യം പടുത്തുയർത്തിയത്. ആറ് കൂറ്റൻ സിക്സറുകളും അഞ്ച് ഫോറുകളും പുറത്താവുന്നതിന് മുമ്പ് വാർണർ (81) പറത്തി. ഓസീസ് ഇന്നിംഗ്സിൽ പാറ്റ് കമ്മിൻസ് നാലും മാക്സ്വെൽ രണ്ടും സിക്സറുകൾ പറത്തി.
മറുവശത്ത് ഏഴ് പടുകൂറ്റൻ സിക്സറുകളും 10 ഫോറുകളുമടക്കമാണ് ട്രാവിഡ് ഹെഡ് (109) സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്. വാലറ്റത്ത് ഗ്ലെൻ മാക്സ് വെൽ (24 പന്തിൽ 41), ജോഷ് ഇംഗ്ലിസ് (38), പാറ്റ് കമ്മിൻസ് (37) എന്നിവരും റൺറേറ്റ് ഉയർത്തി. മിച്ചെൽ മാർഷ് (36), സ്റ്റീവൻ സ്മിത്ത് (18), മാർനസ് ലബൂഷാൻ (18) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
കീവീസ് ബൌളർമാരിൽ ഗ്ലെൻ ഫിലിപ്സും ട്രെന്റ് ബോൾട്ടും മൂന്ന് വീതം വിക്കറ്റെടുത്തു. മിച്ചെൽ സാന്റ്നർ രണ്ടും വിക്കറ്റെടുത്തു. ജെയിംസ് നീഷാമും മാറ്റ് ഹെൻറിയും ഓരോ വിക്കറ്റെടുത്തു.