പൊന്മുടിക്ക് ആവേശമായി മൗണ്ടെയ്ൻ ബൈക്ക് സൈക്ലിങ്; രണ്ടാം ദിനം സ്വർണക്കൊയ്ത്ത്
പാറക്കെട്ടുകൾ നിറഞ്ഞ ചെങ്കുത്തായ ട്രാക്കിലൂടെ ഒന്നര കിലോമീറ്ററോളം ദൂരം രണ്ടു മിനിറ്റും 20 സെക്കൻഡും കൊണ്ട് മറികടന്നാണ് ഷെങ് ഷാൻ ചിയാൻ സ്വർണം നേടിയത്.
തിരുവനന്തപുരം: ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും ആവേശകരമായ ഡൗൺഹിൽ മത്സരത്തിൽ ചൈനീസ് തായ്പേയ്ക്കും തായ്ലൻഡിന് സ്വർണനേട്ടം. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനത്തിൽ ഡൗൺഹിൽ വിഭാഗത്തിൽ നാല് ഫൈനലുകളാണ് നടന്നത്. പുരുഷന്മാരുടെ എലൈറ്റ് വിഭാഗത്തിൽ തായ്പേയ് റൈഡർ ഷെങ് ഷാൻ ചിയാൻ സ്വർണം നേടി. വനിതകളുടെ എലൈറ്റ് ഡൗൺഹില്ലിൽ തായ്ലൻഡിന്റെ വിപാവീ ഡികാബല്ലസ് സ്വർണം നേടി.
പാറക്കെട്ടുകൾ നിറഞ്ഞ ചെങ്കുത്തായ ട്രാക്കിലൂടെ ഒന്നര കിലോമീറ്ററോളം ദൂരം രണ്ടു മിനിറ്റും 20 സെക്കൻഡും കൊണ്ട് മറികടന്നാണ് ഷെങ് ഷാൻ ചിയാൻ സ്വർണം നേടിയത്. രണ്ട് മിനിട്ടും 43 സെക്കൻഡും കൊണ്ടാണ് വനിത റൈഡർ വിപാവീ ഡികാബല്ലസ് സ്വർണത്തിലേക്ക് പാഞ്ഞെത്തിയത്. പുരുഷ വിഭാഗത്തിൽ തായ്ലാന്റിന്റെ മെതാസിറ്റ് ബൂൺസനെ വെള്ളിയും ഇന്തോനേഷ്യയുടെ റെൻഡി വെറെര സഞ്ജയ വെങ്കലവും സ്വന്തമാക്കി.
വനിതകളിൽ വെള്ളിയും വെങ്കലവും ഇൻഡോനേഷ്യൻ റൈഡർമാർക്കാണ്. മിലതുൽ കഖിമ വെള്ളിയും റിസ്കാ അമേലിയ അഗസ്റ്റിന വെങ്കലവും നേടി. ഇന്ത്യയുടെ വനിത റൈഡർ ഹമോം ഉർബശി ദേവി അഞ്ചാമതും അനിസ്സ ലാംറേ ഏഴാമതും ഫിനിഷ് ചെയ്തു. പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്ത്യൻ റൈഡർമാർ ഭേപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 17 റൈഡർ മത്സരിച്ച ഫൈനലിൽ ഇന്ത്യയുടെ ടൈറ്റസ് മറാക്ക് ഏട്ടാമതായി ഫിനിഷ് ചെയ്തു.
ജൂനിയർ പുരുഷന്മാരുടെ ഡൗൺഹിൽ മത്സരത്തിൽ തായ്പേയ് റൈഡർ സൂ ചി ലിയു സ്വർണവും മലേഷ്യയുടെ ടെങ്കു മുഖറിസ് ടെങ്കു മൻസൂർ വെള്ളിയും മംഗോളിയയുടെ തുവ്ഷിൻബാറ്റർ ഗൺപത് വെങ്കലവും നേടി. ജൂനിയർ വനിതകളിൽ ഇൻഡോനേഷ്യയുടെ നിൽന മുർണി നിൻഗ്തിയസ് സ്വർണവും തായ്പേയുടെ യി ഷാൽ ലീ വെള്ളിയും ഉസ്ബക്കിസ്ഥാന്റെ മക്പൽ ബുളിബെവ വെങ്കലവും നേടി.
വിജയികൾക്ക് സംസ്ഥാന കായിക യുവജനകാര്യാലയം ഡയറക്ടർ രാജീവ് കുമാർ ചൗധരിയും സൈക്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷന് പ്രസിഡന്റുമായ എസ്.എസ്. സുധീഷ്കുമാറും ചേർന്ന് മെഡലുകൾ സമ്മാനിച്ചു. ശനിയാഴ്ച ചാമ്പ്യൻഷിപ്പിൽ 6 ഫൈനലുകളാണുള്ളത്. അണ്ടർ 23, ജൂനിയർ വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കൺട്രി ഒളിമ്പിക് ഫൈനലുകളും എലൈറ്റ് വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കൺട്രി ഒളിമ്പിക് ഫൈനലുകളുമാണ് ഇന്ന് നടക്കാനുള്ളത്.