ഇന്ത്യയിലെ ഐഫോൺ നിർമ്മാണാവകാശം ഇനി ടാറ്റാ ഗ്രൂപ്പിന്
ആപ്പിളിന്റെ കരാർ നിർമ്മാതാക്കളായ, തായ്വാൻ ആസ്ഥാനമായുള്ള വിസ്ട്രോൺ കോർപ്പറേഷൻ, അതിന്റെ ഇന്ത്യൻ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് 125 മില്യൺ ഡോളറിന് വിൽക്കുകയായിരുന്നു.
ന്യൂഡൽഹി: ആപ്പിൾ കമ്പനിയുടെ ഇന്ത്യയിലെ ഐഫോൺ നിർമ്മാണാവകാശവും, ആഭ്യന്തര-അന്താരാഷ്ട്ര വിപണനാവകാശവും സ്വന്തമാക്കി ടാറ്റാ ഗ്രൂപ്പ്. പ്രൊജക്ട് അടുത്ത രണ്ടര വർഷത്തിനകം പൂർത്തിയാകുമെന്നും, ആഗോള ബ്രാൻഡുകളുമായി സഹകരിക്കാനുള്ള ശ്രമത്തിൽ ടാറ്റ ഗ്രൂപ്പിനും മറ്റ് ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനികൾക്കും കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും ഇലക്ട്രോണിക് ആൻഡ് ടെക്നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“ഇലക്ട്രോണിക് ആൻഡ് ടെക്നോളജി വകുപ്പ് ആഗോളതലത്തിൽ ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനികളുടെ വളർച്ചയ്ക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്. ആഗോള ബ്രാൻഡുകളുടെ വിശ്വസ്തരായ ഉൽപ്പാദന പങ്കാളിയാക്കാനും, ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് ശക്തിയാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനും ആഗ്രഹിക്കുന്ന ആഗോള ഇലക്ട്രോണിക് ബ്രാൻഡുകളെ വകുപ്പ് പിന്തുണയ്ക്കും,” ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.
ആപ്പിളിന്റെ കരാർ നിർമ്മാതാക്കളായ തായ്വാൻ ആസ്ഥാനമായുള്ള വിസ്ട്രോൺ കോർപ്പറേഷൻ, അതിന്റെ ഇന്ത്യൻ യൂണിറ്റ് ടാറ്റ ഗ്രൂപ്പിന് 125 മില്യൺ ഡോളറിന് വിറ്റതിനെ തുടർന്നാണ് കരാർ അവസാനിച്ചത്. ബോർഡ് അംഗീകാരത്തെ തുടർന്ന് ടാറ്റ ഗ്രൂപ്പിന് വിസ്ട്രോൺ ഇൻഫോകോം മാനുഫാക്ചറിംഗ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിൽ (ഡബ്ല്യുഎംഎംഐ) 100 ശതമാനം ഓഹരിയുണ്ടാകും. ബന്ധപ്പെട്ട കക്ഷികൾ സ്ഥിരീകരിക്കുന്ന മുറയ്ക്ക് ആവശ്യമായ അനുമതികൾ നേടുന്നതിനായി കരാർ തുടരും.
പുതിയ ഐഫോണുകൾ നിർമ്മിക്കുന്നതിനും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് കയറ്റുമതി ചെയ്യുന്നതിനും, പരമ്പരാഗതമായി ചൈനീസ് ഫാക്ടറികളെ ആശ്രയിക്കുന്ന ആപ്പിളിന്റെ ഈ നീക്കം, അവരുടെ വിപണന തന്ത്രത്തിൽ കാര്യമായ മാറ്റം വരുന്നതിന്റെ സൂചനയാണ്. അമേരിക്കയും ചൈനയും തമ്മിൽ തുടരുന്ന വ്യാപാരയുദ്ധവും, വർദ്ധിച്ചുവരുന്ന ചൈനീസ് തൊഴിലാളികളുടെ ചെലവുമാണ് ഉൽപ്പാദനത്തിന്റെ ബദൽ സ്രോതസ്സുകൾ തേടാൻ ആപ്പിളിനെ പ്രേരിപ്പിച്ചത്.
ഇതോടെയാണ്, വലിയ ഉപഭോക്തൃ വിപണിയും വിദഗ്ധ തൊഴിലാളികളും അനുകൂലമായ സർക്കാർ നയങ്ങളുമുള്ള ഇന്ത്യ അവർക്ക് മുന്നിൽ ആകർഷകമായൊരു ഓപ്ഷനായി മാറിയത്. ഐഫോൺ എസ്ഇയിൽ തുടങ്ങി, 2017 മുതൽ ആപ്പിൾ ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നുണ്ട്. അതിനുശേഷം, ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയുടെ ഇന്ത്യയിലെ പ്രാദേശിക അസംബ്ലിങ് വരെ കമ്പനി അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്.