വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
തുറന്ന് പോലും നോക്കരുത് ഇത്തരം മെസേജുകൾ, ഒറ്റ ക്ലിക്കിൽ തന്നെ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെടാം
ടെക്നോളജി വികസിക്കുന്നതിനനുസരിച്ച് സമാന്തരമായി അതുണ്ടാക്കുന്ന അപകടങ്ങളും വളരുന്നുണ്ട്. ഇന്ന് നിലവിലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ മേഖലയിൽ പ്രാവിണ്യം കുറഞ്ഞ ഒരാൾക്കുപോലും സാധാരണക്കാരനെ കബളിപ്പിക്കാം. ഇത്തരം ഭീഷണികളെ കുറിച്ച് പഠന നടത്തിയിരിക്കുകയാണ്, സൈബർ സുരക്ഷാ കമ്പനിയായ മക്അഫീ. ഗ്ലോബൽ സ്കാം മെസേജ് സ്റ്റഡി എന്ന പേരിൽ, ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിടുന്ന അപകടസാധ്യതകൾ മനസിലാക്കുന്നതിനായാണ് കമ്പനി പഠനം നടത്തിയത്.
സ്മാർട്ട് ഫോണുകളുടെ ന്യൂനതകൾ മുതലെടുത്ത് എസ്എംഎസ്, വാട്സ്ആപ്പ് എന്നിവയിലൂടെ പണം തട്ടിയെടുക്കാനുള്ള സൈബർ കുറ്റവാളികളുടെ തന്ത്രങ്ങളും വ്യാപനവും റിപ്പോർട്ട് അടിവരയിടുന്നു. ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങളും പഠനം മുന്നോട്ടുവയ്ക്കുന്നു. ഒരിക്കൽ പോലും ക്ലിക്ക് ചെയ്യാൻ പാടില്ലാത്ത മെസേജുകളെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സമ്മാനങ്ങൾ
വിവിധ മത്സരങ്ങളുടെ പേരിൽ സമ്മാനത്തിന് നിങ്ങൾ അർഹനായെന്ന തരത്തിൽ മെസ്സേജുകൾ വരാം. എന്നാൽ ഇത്തരം മെസേജുകളിൽ ക്ലിക്കുചെയ്യുന്നതിലൂടെ മറ്റു ലിങ്കുകൾ തുറക്കുകയും ഫോണിലെ വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്യാം.
പരിചയമില്ലാത്ത നമ്പരുകളിൽനിന്ന് വരുന്ന ലിങ്കുകൾ
പരിചയമില്ലാത്ത ലിങ്കുകളിൽ കയറുന്നത് ഫോണിലെ വിവരങ്ങൾ ചോർത്തപ്പെടാനും ഫോൺ ഹാക്ക് ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്. അതിനാൽ പരിചയമില്ലാത്ത നമ്പരുകളിൽനിന്ന് വരുന്ന ലിങ്കുകൾ തുറക്കാതിരിക്കുക.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന മെസേജുകൾ
വിവിധ മെസേജുകളിലൂടെ പ്ലേസ്റ്റോറിലോ, ആപ്പ് സ്റ്റോറിലോ ഇല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടാം. ഇങ്ങനെ ചെയ്താൽ സ്വകാര്യ വിവരങ്ങളും ആക്കൗണ്ട് വിവരങ്ങളുമടക്കം സൈബർ കുറ്റവാളികളുടെ കൈയിൽ എത്തും, അവർക്ക് ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും സാധിക്കും.
തൊഴിൽ അവസരങ്ങൾ
തൊഴിലവസരം ഉണ്ടെന്ന് അറിയിച്ചും പലപ്പോഴും മേസേജുകൾ വരാം. ഇതിൽ വീഴുന്ന ആളുകളിൽ നിന്ന് ട്രെയിനിംഗ് ഫീസ് പോലുള്ള വിവിധ ഫീസുകൾ ആവശ്യപ്പെട്ട് കബളിപ്പിക്കുന്ന പ്രവണതയും ധാരാളമായി കണ്ടുവരുന്നുണ്ട്.
അധിക ലാഭം നൽകുന്ന നിക്ഷേപങ്ങൾ, ബാങ്ക് അലേർട്ട്, വിവിധ ആപ്പുകളുടെ സെക്യൂരിറ്റി നോട്ടിഫിക്കേഷൻ തുടങ്ങി നിരവധി സന്ദേശങ്ങളാണ് ദിവസവും ലഭിക്കുന്നത്. ഇത്തരം മെസേജുകളിൽ തുറന്ന് പോലും നോക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഫോണുകളിൽ സുരക്ഷാസംവിധാനങ്ങൾ ഉണ്ടെങ്കിൽ പോലും നമ്മുടെ അശ്രദ്ധയിലൂടെ കുറ്റവാളികൾക്ക് നമ്മുടെ ഫോണുകളിൽ നുഴഞ്ഞ് കയറാനും നമ്മുടെ പണവും വിവരങ്ങളും അപഹരിക്കാനും സാധ്യതയുണ്ട്.