‘ഊബർ’ യാത്രക്കും വിലപേശം; നിരക്ക് ഇനിമുതൽ ഉപയോക്താക്കൾക്ക് സ്വയം തിരഞ്ഞെടുക്കാം
സേവനം തുടക്കത്തിൽ ക്യാബുകളിൽ പരീക്ഷിക്കുകയും പിന്നീട് ഓട്ടോറിക്ഷ യാത്രകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്
യാത്രകൾക്കായി നിശ്ചയിക്കുന്ന തുക ബിഡ്ഡിങ്ങിലൂടെ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവധിക്കുന്ന ‘ഫ്ലക്സ്’ ഫീച്ചർ പരീക്ഷിക്കുകയാണ് ഓൺലൈൻ ടാക്സി സേവനമായ ഊബർ. ടാക്സി സേവനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാരുമായി വാടകയിൽ വില പേശുന്നതിനു സമാനമായി നൽകുന്ന പണം വിലപേശി തീരുമാനിക്കാൻ ഉപയോക്താക്കളെ അനുവധിക്കുന്ന ഫീച്ചറാണ് കമ്പനി പുറത്തിറക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഫ്ലെക്സിബിൾ പ്രൈസിംഗ് സേവനം പരീക്ഷിക്കാൻ തുടങ്ങിയത്. ഔറംഗബാദ്, ബറേലി, അജ്മീർ, ചണ്ഡീഗഡ് , കോയമ്പത്തൂർ, ഡെറാഡൂൺ, ഗ്വാളിയോർ, ഇൻഡോർ, ജോധ്പൂർ, സൂറത്ത് തുടങ്ങിയ ഇന്ത്യയിലെ 12 ടയർ 2, ടയർ 3 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചതായി ഊബർ സ്ഥിരീകരിച്ചിട്ടുണ്ട്.
സേവനം, തുടക്കത്തിൽ ക്യാബുകളിൽ പരീക്ഷിക്കുകയും പിന്നീട് ഓട്ടോറിക്ഷ യാത്രകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്. യാത്ര ചെയ്യുന്ന മേഖലയിലെ ട്രാഫിക്കും ഡിമാൻഡും അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും. കമ്പനിയുടെ സ്റ്റാൻഡേർഡ് പ്രൈസിംഗ് മോഡലിൽ നിന്ന് ഇത് വളരെ വ്യത്യസ്തമായിരിക്കും ഇത്. ഊബറിന്റെ എതിരാളിയായ ഇന്ഡ്രൈവ് അടുത്തിടെ സമാനമായ ഫീച്ചര് കൊണ്ടുവന്നിരുന്നു.
ആപ്പിൽ സജ്ജീകരുച്ചിരിക്കുന്ന ഒൻപത് പ്രൈസിംഗ് പോയിന്റുകളിൽ ലാഭകരമായവ തിരഞ്ഞെടുക്കാം, ഈ തുകയ്ക്ക് തയ്യാറാകുന്ന വാഹനത്തിൽ യാത്രചെയ്യാം എന്ന തരത്തിലാണ് ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യയെ കൂടാതെ ലെബനൻ, കെനിയ, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും യൂബർ ഫ്ലെക്സ് പരീക്ഷിക്കുന്നുണ്ട്. ഡൽഹി , മുംബൈ തുടങ്ങിയ ചില മെട്രോ നഗരങ്ങളിൽ ഫ്ലെക്സ് കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കേരളത്തിൽ സേവനം എപ്പോൾ എത്തുമെന്നതിൽ സ്ഥിതീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.