ചാറ്റുകൾ ആകർഷകമാക്കാം; സ്റ്റിക്കർ ഇനി വാട്സ്ആപ്പിൽ തന്നെ നിർമ്മിക്കാം
നിങ്ങളുടെ ചിത്രങ്ങളിൽ നിന്ന് സ്റ്റിക്കറുകൾ നിർമ്മിക്കാനും സുഹൃത്തുക്കളുമായി പങ്കിടാനും അനുവദിക്കുന്ന രസകരമായ ഫീച്ചർ പുറത്തിറക്കി വാട്സ്ആപ്പ്
ഉപയോക്തൃ-സൗഹൃദ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ സവിശേഷതകൾ പുറത്തിറക്കി വാട്സ്ആപ്പ്. ഐഒഎസ് പതിപ്പിൽ, വാട്സ്ആപ്പ് സ്റ്റിക്കറുകൾ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. സന്ദേശമയക്കൽ കൂടുതൽ രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പുതിയ നീക്കം.
ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാനും നിലവിലുള്ള സ്റ്റിക്കറുകൾക്ക് മാറ്റം വരുത്താനും ഫീച്ചറിലൂടെ സാധിക്കുന്നു. അനൗദ്യോഗിക തേർഡ് പാർട്ടി ആപ്പുകളിൽ നിന്ന് സ്റ്റിക്കറുകൾ നിർമ്മിക്കേണ്ടാ എന്നതു തന്നെയാണ് പുതിയ ഫീച്ചറിന്റെ പ്രധാന സവിശേഷത. അതുകൊണ്ടു തന്നെ പുതിയ ഫീച്ചർ, വാട്സആപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിൽ പ്രവർത്തിക്കുന്നതിനാൽ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ ഉപയോക്താക്കൾക്ക് അവരുടെ സർഗ്ഗാത്മകത പരീക്ഷിക്കാനാകും.
ടെക്സ്റ്റുകളും ഡ്രോയിംഗുകളും ഇഷ്ടാനുസൃതമാക്കാൻ സഹായിക്കുന്ന, എഡിറ്റിംഗ് ടൂളുകളുടെ സ്യൂട്ട് സഹിതം വാട്സആപ്പിലെ ഓട്ടോ-ക്രോപ്പ് ഫംഗ്ഷൻ ഉപയോഗിച്ച് സ്റ്റിക്കറുകൾ സൃഷ്ടിക്കുന്നത് എളുപ്പമാണ്. മാത്രമല്ല, ഒരിക്കൽ സ്റ്റിക്കർ അയച്ചുകഴിഞ്ഞാൽ, അത് സ്റ്റിക്കർ ട്രേയിൽ സ്വയം സേവാകും, ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ളപ്പോഴെല്ലാം അത് പങ്കിടാം.
വാട്സ്ആപ്പിൽ എങ്ങനെ സ്റ്റിക്കർ നിർമ്മിക്കാം
- ടെക്സ്റ്റ് ബോക്സിന്റെ വലതുവശത്തുള്ള സ്റ്റിക്കർ ഐക്കൺ തിരഞ്ഞെടുത്ത് സ്റ്റിക്കർ ട്രേ തുറക്കുക
- ‘ക്രിയേറ്റ് സ്റ്റിക്കർ’ ഓപ്ഷൻ തിരഞ്ഞെടുത്ത് ഗാലറിയിൽ നിന്ന് ഏതെങ്കിലും ചിത്രം തിരഞ്ഞെടുക്കുക
- ഒരു കട്ട്ഔട്ട് തിരഞ്ഞെടുത്ത് അതിൽ വാചകമോ മറ്റ് സ്റ്റിക്കറുകളോ ഡ്രോയിംഗുകളോ ചേർത്ത് നിങ്ങളുടെ സ്റ്റിക്കർ ക്രമീകരിക്കുക
- സെൻഡ് ബട്ടൺ അമർത്തി സ്റ്റിക്കർ പങ്കിടാം
നിലവിലുള്ള സ്റ്റിക്കറുകൾ എങ്ങനെ എഡിറ്റ് ചെയ്യാം?
- സ്റ്റിക്കർ ട്രേ തുറക്കുക, നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്റ്റിക്കറിൽ ലോങ്ങ് പ്രസ് ചെയ്യുക
- ‘എഡിറ്റ് സ്റ്റിക്കർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക
വാചകമോ മറ്റ് സ്റ്റിക്കറുകളോ ഡ്രോയിംഗുകളോ ചേർത്ത് നിങ്ങളുടെ സ്റ്റിക്കർ ക്രമീകരിക്കുക
- സെൻഡ് ബട്ടൺ അമർത്തി സ്റ്റിക്കർ പങ്കിടുക
ഈ ഫീച്ചർ നിലവിൽ വാട്സ്ആപ്പ് വെബിൽ ലഭ്യമാണ്. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഐഒഎസ് 17+ ൽ ഫീച്ചർ പുറത്തിറങ്ങും. പഴയ ഐഒഎസ് പതിപ്പുകളുള്ളവർക്ക് സേവനം നിലവിൽ ലഭ്യമല്ല.