India vs Zimbabwe 3rd T20I: 5 മത്സരങ്ങളുള്ള പരമ്പരയിൽ ഒന്ന് വീതം വിജയവുമായി ഇന്ത്യയും സിംബാബ്വെയും സമനിലയിലാണ്
India vs Zimbabwe 3rd T20I: സിംബാബ്വെക്കെതിരെ മൂന്നാം ടി20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30ന്, സിംബാബ്വെയിലെ ഹരാരെ സ്പോർസ് ക്ലബ് ഗ്രൗണ്ടിലാണ് മത്സരം. 5 മത്സരങ്ങളുള്ള പരമ്പരയിൽ ഒന്ന് വീതം വിജയവുമായി ഇന്ത്യയും സിംബാബ്വെയും സമനിലയിലാണ്.
ആദ്യ മത്സരത്തിലേറ്റ കനത്ത തിരിച്ചടിക്ക് പകരം വീട്ടുന്ന ഇന്ത്യയെയാണ് രണ്ടാം മത്സരത്തിൽ കണ്ടത്. അഭിഷേക് ശർമ്മയുടെ സെഞ്ചുറിയിലും ആവേശ് ഖാന്റെ മിന്നും ബൗളിങിലും അനായാസ വിജയമാണ് ഇന്ത്യ നേടിയത്. ടി20 ലോകകപ്പിന് ശേഷം സീനിയർ താരങ്ങളില്ലാതെയാണ് ഇന്ത്യൻ യുവനിര സിംബാബ്വെയിലെത്തിയത്.
ആദ്യ മത്സരത്തിൽ പതറിയെങ്കിലും ഗംഭീര തിരിച്ചുവരവാണ് ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള നീലപ്പട കാഴ്ചവച്ചത്. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം, സഞ്ജു സാംസണ്, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ തുടങ്ങിയ താരങ്ങൾ മൂന്നാം ടി20 മുതൽ ഇന്ത്യൻ ടീമിനൊപ്പം ചേരും. എന്നാൽ നിലവിൽ ഫോമിൽ കളിക്കുന്ന താരങ്ങളെ മാറ്റി ആരെയാകും കളിപ്പിക്കുക എന്നതിൽ ആശങ്ക തുടരുകയാണ്.
അവസാന മത്സരത്തിൽ, അഭിഷേക് ശർമ്മ (47 പന്തിൽ 100 ), റുതുരാജ് ഗെയ്ക്വാദ് (47 പന്തിൽ 77*), റിങ്കു സിങ് (22 പന്തിൽ 48*) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യൻ യുവനിരയുടെ മിന്നും ഫോം മലയാളി താരം സഞ്ജു സാസണ് നിർഭാഗ്യം ആകുമോ എന്നാണ് ഇനിയറിയേണ്ടത്.
സഞ്ജുവിന്റെ ഇഷ്ട പൊസിഷനാണ് മൂന്നാം നമ്പർ. എന്നാൽ മൂന്നാം നമ്പർ താരത്തിന് നൽകുന്നത് ടീം മാനേജ്മെന്റിന് തലവേദനയാകും. അവസാന മത്സരങ്ങളിൽ മൂന്നാം നമ്പരിൽ കളിച്ച റുതുരാജ് ഗെയ്കവാദ് മിന്നും ഫോമിലാണ്. നാലാമനായി ഇറങ്ങുന്ന റിങ്കു സിങ്ങും അവസാന മത്സരത്തിൽ നിർണായക പ്രകടനം പുറത്തെടുത്തു. ഫോമിലുള്ള ഇരുവരെയും ടീമിൽ നിന്ന് മാറ്റുമോ എന്നത് കണ്ടറിയണം.
ഓപ്പണറായി കളിക്കുന്ന അഭിഷേക് ശര്‍മ്മ സെഞ്ചുറി നേടി രണ്ടാം ടി20യിലെ വിജയ ശിൽപിയാണ്. രണ്ടാം നമ്പരിൽ കളിക്കുന്ന ശുഭ്മാൻ ഗില്ല് ക്യാപ്റ്റൻ കൂടിയായതിനാൽ കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയില്ല. ഇതോടെ സഞ്ജുവിന് അഞ്ചാം നമ്പരിൽ കളിക്കാനാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്ത്യ സാധ്യതാ ഇലവന്: യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, റിയാന്‍ പരാഗ്, സഞ്ജു സാംസണ്, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അവേഷ് ഖാന്, തുഷാര്‍ ദേശ്പാണ്ഡെ, ഖലീല്‍ അഹമ്മദ്.