ആവേശം വാനോളം ഉയർത്തി യൂറോകപ്പ്, കോപ്പ അമേരിക്ക ഫൈനൽ
ശക്തരായ ടീമുകൾ ഏറ്റുമുട്ടുന്നുവെന്നതാണ് ഇത്തവണത്തെ കോപ്പ അമേരിക്ക, യുറോകപ്പ് ഫൈനലുകളെ ശ്രദ്ധേയമാക്കുന്നത്. അർജന്റെീനയും കൊളംബിയയും തമ്മിലുള്ള മത്സരം തീപ്പാറുമെങ്കിൽ സ്പെയിനും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുന്ന യൂറോകപ്പ് അക്രമണ-പ്രത്യാക്രമണത്തിന്റെ വേദിയാകും
ബർലിൻ: ആരാധകരെ ആവേശത്തിലാഴ്ത്തി യൂറോകപ്പ്, കോപ്പ അമേരിക്ക ഫൈനലുകൾ ഇതാ വന്നെത്തി. യൂറോ കപ്പിൽ പുതിയ ചാമ്പ്യൻമാർ ജർമനിയിലും കോപ്പ അമേരിക്ക ജേതാക്കൾ യുഎസിലും ഉദിച്ചുയരും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് മ്യൂണിക്കിലെ ഒളിംപിയ സ്റ്റേഡിയത്തിലാണ് സ്പെയിൻ – ഇംഗ്ലണ്ട് ഫൈനൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30ന് ഫ്ലോറിഡയിലാണ് കോപ്പ അമേരിക്ക ഫൈനൽ.
ആദ്യകീരിടമമെന്ന് ലക്ഷ്യവുമായാണ് ഇംഗ്ലീഷ് പട യൂറോകപ്പ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. നെതർലെൻസിനെ ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ തളച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്. നെതർലൻസിന്റെ അക്രമണത്തിന് അതേനാണയത്തിൽ മറുപടി നൽകിയുള്ള ആവേശകരമായ മത്സരം. ഹാരി കെയ്ൻ ഒലി വാറ്റ്കസിൻ തുടങ്ങിയവരുടെ ശക്തമായ പ്രതിരോധത്തിലാണ് ഇംഗ്ലീഷ് പടയുടെ പ്രതീക്ഷ
എല്ലാ മത്സരവും വിജയിച്ചാണ് സ്പെയിൻ നാലാം കീരിടം ലക്ഷ്യമിട്ട് യൂറോകപ്പ് ഫൈനിലിലെത്തുന്നത്. ക്വാർട്ടറിൽ കരുത്തരായി ജർമനിയെയും സെമിയിൽ ഫ്രാൻസിനെയുമാണ് തോൽപ്പിച്ചത്. ലമീൻ യമാലും നിക്കോ വില്യംസും ചേർന്നുള്ള അക്രമണ ശൈലി ഇംഗ്ലീഷ് പടയ്ക്ക് വെല്ലുവിളി ഉയർത്തുമെന്നതിൽ തർക്കമില്ല.
കോപ്പ അമേരിക്ക ഫൈനലിൽ അർജൻറീന ആദ്യമായി ശക്തരും ഫോമിലുള്ളവരുമായ എതിരാളികളെ നേരിടുന്നു എന്നതാണ് നാളത്തെ പോരാട്ടത്തിൻറെ പ്രത്യേകത. 23 വർഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ കളിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന മത്സരത്തിനാണ് അർജൻറീനയുടെ ഏഞ്ചൽ ഡി മരിയ നാളെ ഇറങ്ങുന്നത്. കിരീട വരൾച്ചയിൽ നിന്നും അർജൻറീനയെ വിശ്വവിജയികളാക്കിയാണ് ഡി മരിയയുടെ പടിയിറക്കം. അതുകൊണ്ട് തന്നെ കിരീടത്തോടെ ഡി മരിയക്ക് യാത്രയയപ്പ് നൽകാനാണ് അർജൻറീന ഇറങ്ങുന്നത്.
മറഡോണയും റിക്വൽമിയും ബാറ്റിസ്റ്റ്യൂട്ടയും അർജൻറീനിയൻ ഇതിഹാസങ്ങളെങ്കിൽ ആ പട്ടികയിൽ എയ്ഞ്ചൽ ഡി മരിയയുമുണ്ടാകും. നീലകുപ്പായക്കാരുടെ ഉയർച്ച താഴ്ച്ചകളോടൊപ്പം 17 വർഷം, അവസാനത്തെ അന്താരാഷ്ട്ര ടൂർണമെൻറാകും ഈ കോപ്പയെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ് താരം. നേട്ടങ്ങളുടെ പട്ടികയിൽ ലോകകപ്പും കോപ്പയും മാത്രമല്ല ഒളിംപിക്സ് സ്വർണ്ണവും ഫൈനലിസമയുമുണ്ട്, ഈ നാലു ഫൈനലുകളിലും അർജന്റീനയ്ക്കായി ഗോളടിച്ച ഏക താരവും ഡി മരിയ തന്നെയാണ്.ഒന്നരപതിറ്റാണ്ടു നീണ്ട കരിയറിൽ ലിയോണൽ മെസിയുടെ നിഴലിലെഴുതപ്പെടാതെ പോയ കവിതയാകാം ഡി മരിയയുടെത്, ദേശീയ ടീമിനൊപ്പം 144 മത്സരങ്ങൾ, ഗോൾ നേട്ടത്തിൽ ആറാമൻ. ഡി മരിയയ്ക്ക് വേണ്ടി കപ്പുയർത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു സാക്ഷാൽ ലിയോണൽ മെസി.
എവിടെ കാണാം
യുറോകപ്പ് സോണി സ്പോർട്സ് നെറ്റ്വർക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും.കോപ്പാ അമേരിക്ക ഇന്ത്യയിൽ മത്സരം തത്സമയ സംപ്രേഷണമില്ല. ലൈവ് സ്ട്രീമിംഗിലും ഇന്ത്യയിൽ മത്സരം കാണാൻ വഴിയില്ലെങ്കിലും വിപിഎൻ വഴി നിരവധി വെബ്സൈറ്റുകൾ മത്സരത്തിൻറെ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്.