നിക്ഷേപകരിൽ ആവേശം ജനിപ്പിച്ച് സെൻസെക്സും നിഫ്റ്റിയും സർവകാല റെക്കോർഡിലേയ്ക്ക് ചുവടുവെച്ചു. ആഭ്യന്തര വിദേശ ഫണ്ടുകൾ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽ ഓഹരികൾ സ്വന്തമാക്കാൻ മത്സരിച്ചത് ബോംബെ സൂചികയെ 80,000 പോയിന്റിലേയ്ക്കും നിഫ്റ്റിയെ 24,401 ലേയ്ക്കും ഉയർത്തി. ബിഎസ്ഇ സൂചിക 963 പോയിന്റും എൻഎസ്ഇ 313 പോയിന്റ് പ്രതിവാര നേട്ടത്തിലാണ്. പിന്നിട്ടവാരം നാല് തവണ നിഫ്റ്റി റെക്കോർഡ് പുതുക്കിയപ്പോൾ സെൻസെക്സ് മൂന്ന് തവണ റെക്കോർഡ് പ്രകടനം കാഴ്ച്ചവെച്ചു.
ഡിസംബറിന് ശേഷം ആദ്യമായി തുടർച്ചയായി അഞ്ച് ആഴ്ചകളിൽ വിപണി നേട്ടം കൈവരിച്ചു. നിഫ്റ്റി 24,010 പോയിന്റിൽ നിന്നും 24,334ലെ പ്രതിരോധം കടന്ന് സർവകാല റെക്കോർഡായ 24,401 വരെ സഞ്ചരിച്ച ശേഷം ക്ലോസിങിൽ 24,323 പോയിന്റിലാണ്. ഈവാരം നിഫ്റ്റിക്ക് 24,485 – 24,647 റേഞ്ചിൽ പ്രതിരോധം നിലനിൽക്കുന്നു. ഉയർന്ന തലത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിന് ഇറങ്ങിയാൽ വിപണിക്ക് 24,076 – 23,829 റേഞ്ചിൽ താങ്ങ് പ്രതീക്ഷിക്കാം. സാങ്കേതികമായി വീക്ഷിച്ചാൽ ഇൻഡിക്കേറ്റുകൾ പലതും ഓവർ ബ്രോട്ട് മേഖലയിൽ നീങ്ങുന്നത് തിരുത്തലിന് ഇടയാക്കും. നിഫ്റ്റി ജൂലൈ ഫ്യൂച്ചറിൽ ഓപ്പറേറ്റർമാർ കാണിച്ച താൽപര്യം 24,131 ൽ നിന്നും 24,419 വരെ ഉയർത്തിയെങ്കിലും വാരാന്ത്യം 24,386 ലാണ്. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 157.7 ലക്ഷം കരാറുകളായി ഉയർന്നു. സെൻസെക്സ് മുൻവാരത്തിലെ 79,032 പോയിന്റിൽ നിന്നും 80,140 കടന്ന് 80,392 വരെ ഉയർന്നശേഷം വാരാന്ത്യം ക്ലോസിങിൽ 79,996 പോയിന്റിലാണ്. ഈ വാരം സൂചികയ്ക്ക് 80,521 – 81,046 റേഞ്ചിൽ പ്രതിരോധവും 79,342 – 78,688 താങ്ങുമുണ്ട്. മുൻ നിര ഐടി ഓഹരികളായ ഇൻഫോസിസ്, എച്ച്സിഎൽടെക്, റ്റിസിഎസ് തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു. ആർഐഎൽ, ഇൻഡസ് ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എംആൻഡ്എം, ടാറ്റാ മോട്ടേഴ്സ്, എൽആൻഡ്ടി, എച്ച്യുഎൽ, എയർ ടെൽ ഓഹരികളിൽ നിക്ഷേപകർ താൽപര്യം കാണിച്ചു.
വിദേശ ഫണ്ടുകൾ പിന്നിട്ട വാരം 2426 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തി. അവർ 9300 കോടി രൂപയുടെ നിക്ഷേപത്തിനും താൽപര്യം കാണിച്ചു. ആഭ്യന്തര ഫണ്ടുകൾ 4565 കോടി വാങ്ങലും 4950 കോടി രൂപയുടെ വിൽപ്പനയും നടത്തി. ഡോളറിന് മുന്നിൽ രൂപയ്ക്ക് വീണ്ടും മൂല്യം തകർച്ച. രൂപ 83.39 ൽ നിന്നും 83.49 ലേയ്ക്ക് ദുർബലമായി. ഈ വാരം വിനിമയ നിരക്ക് 83.10 – 83.65 റേഞ്ചിൽ സഞ്ചരിക്കാം. ഇതിനിടയിൽ യുഎസ് ഡോളർ സൂചികയ്ക്ക് തിരിച്ചടി നേരിട്ടാൽ രൂപയുടെ മൂല്യം 83 ലേയ്ക്ക് ശക്തിപ്രാപിക്കാം.
അടുത്ത യോഗത്തിൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ ഭേദഗതികൾക്ക് ഒരുങ്ങുന്ന വിവരം ഡോളറിൽ സമ്മർദ്ദം ഉളവാക്കുന്നു. കേന്ദ്ര ബജറ്റ് ഇരുപത്തി രണ്ടാം തിയതിയാണ്. മുന്നിലുള്ള ആഴ്ചകളിൽ ഫണ്ടുകൾ അവരുടെ പൊസിഷനുകൾ കുടുതൽ സുരക്ഷിതമാക്കാൻ ശ്രമിക്കും. അതായത് ഇനിയുള്ള രണ്ടാഴ്ചകളിൽ വിപണി കൺസോളിഡേഷന് ശ്രമം നടത്താം. കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ വിപണിയെ സ്വാധീനിക്കാം. ഈ വാരം പുതിയ പണപ്പെരുപ്പ കണക്കുകൾ പുറത്തുവരും. മെയിൽ രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 4.75 ശതമാനമായിരുന്നു.
സാർവദേശീയ വിപണിയിൽ സ്വർണ വില വീണ്ടും 2400 ഡോളറിലേയ്ക്ക് അടുക്കുന്നു. വാരാവസാനം ഡോളർ സൂചികയ്ക്ക് നേരിട്ട തളർച്ച ധനകാര്യസ്ഥാപനങ്ങളെ സ്വർണത്തിലേയ്ക്ക് ആകർഷിച്ചു. സ്വർണം മുൻവാരത്തിലെ 2326 ഡോളറിൽ നിന്നും ട്രോയ് ഔൺസിന് 2388 ഡോളറായി ഉയർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..