ദമ്മാം > നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രൂ ലെൻസ് 2024 എന്ന പേരിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപിച്ചു. ദമ്മാം നവോദയ ഓഫീസിൽ വച്ച് നടന്ന പ്രഖ്യാപന യോഗത്തിൽ നവോദയ രക്ഷാധികാരി മോഹനൻ വെള്ളിനേഴി, കേന്ദ്രകുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ടോണി എം ആൻ്റണി, കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയർമാൻ അഡ്വ. വിൻസൻ തോമസ്, കേന്ദ്ര കുടുംബവേദി ജോയിന്റ് ട്രഷറർ സുരേഷ് എന്നിവർ പങ്കെടുത്തു.
ഫെസ്റ്റിവലിന്റെ ഭാഗമായി ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഷോർട്ട് ഫിലിമുകൾക്ക് വിവിധ ഇനങ്ങളിലായി അവാർഡുകൾ നൽകും എന്ന് ഭാരവാഹികൾ അറിയിച്ചു. ജിസിസി രാജ്യങ്ങളിൽ ചിത്രീകരിക്കപ്പെട്ട, മലയാള ഭാഷയിലുള്ള ഷോർട്ട് ഫിലിമുകളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. ജിസിസി രാജ്യങ്ങളിൽ ചിത്രീകരിക്കപ്പെട്ടതാണ് മത്സരത്തിന് അയക്കുന്ന ഷോർട്ട് ഫിലിം എന്നൊരു സത്യവാങ് മൂലം എൻട്രിക്കൊപ്പം നല്കേണ്ടതാണ്.
കേരളത്തിലെ പ്രശസ്ത സിനിമ സംവിധായകർ അടങ്ങുന്ന ജൂറി വിധിനിർണ്ണയം നടത്തും. ടോം ഇമ്മട്ടി (ഒരു മെക്സിക്കൻ അപാരത, ദി ഗ്യാംബ്ലർ) , ജിയോ ബേബി (കാതൽ-ദി കോർ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സ് ), പ്രജീഷ് സെൻ (വെള്ളം, ക്യാപ്റ്റൻ) എന്നിവരാകും വിധികർത്താക്കൾ.
മികച്ച മൂന്ന് ഷോർട്ട് ഫിലിമുകൾ, മികച്ച സംവിധായകൻ, നടൻ, നടി, തിരക്കഥാകൃത്ത്, ബാലതാരം എന്നീ ഇനങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുക. 2021 ജനുവരി 1 മുതൽ 31 ഓഗസ്റ്റ് 2024 വരെ റിലീസ് ചെയ്യപ്പെട്ട ഷോർട്ട് ഫിലിമുകൾ ആണ് പുരസ്കാരങ്ങൾക്ക് പരിഗണിക്കുക. സൗദി അറേബ്യയിലെ നിയമങ്ങൾക്കു വിധേയമാകണം ഷോർട്ട് ഫിലിം കണ്ടന്റ്, ഡയലോഗ് തുടങ്ങിയവ. ഒരു സംവിധായകന്റെ ഒരു ഷോർട്ട് ഫിലിം മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. 20 മിനിറ്റോ അതിൽ താഴയോ ആവണം ഷോർട്ട് ഫിലിമുകളുടെ സമയ ദൈർഘ്യം.
എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി – അഗസ്റ്റ് 31, 2024. എൻട്രികൾ, മേല്പറഞ്ഞ രേഖകളോടൊപ്പം ലിങ്ക് ഇ മെയിൽ ഐഡിയിലേക്കു അയക്കേണ്ടതാണ് (throughlens2024@gmail.com). പുരസ്കാര പ്രഖ്യാപനം സെപ്റ്റംബർ 2024 ലും പുരസ്കാരദാനം ഒക്ടോബറിലും നടക്കും. നിബന്ധനകൾ പാലിക്കാത്ത ഷോർട്ട് ഫിലിമുകൾ പുരസ്കാരത്തിന് പരിഗണിക്കില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..