റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘ലോക കേരള സഭ പ്രചാരണവും യാഥാർഥ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി വിശദീകരണ പരിപാടി സംഘടിപ്പിച്ചു. റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ കെ പി എം സാദിഖ് വിശദീകരണം നൽകി. കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് പരിപാടിയിൽ അധ്യക്ഷനായി. ലോക കേരള സഭയുടെ രൂപീകരണം മുതൽ നാലാമത് സമ്മേളനം വരെയുള്ള സഭയുടെ പ്രവർത്തനങ്ങളും പ്രതിപക്ഷം അടക്കമുള്ള വിവിധ മേഖലയിൽനിന്ന് സഭയോടുള്ള സമീപനവും കെപിഎം സാദിഖ് വിശദീകരിച്ചു.
ഈ സഭ പ്രവാസികളുടെ ആവശ്യമാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ ഒരു സംവിധാനം നിലവിൽ ഇല്ല. ഗാർഹിക തൊഴിലാളി മുതൽ വൻകിട വ്യവസായികൾ വരെ സഭയിൽ അംഗങ്ങളാണ്. ആദ്യ സഭയിൽ 35 രാജ്യങ്ങളെ പ്രതിനിധീകരിച്ചായിരുന്നു അംഗങ്ങളുടെ പങ്കാളിത്തം. രണ്ടാം സഭയിൽ അത് 42 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. മൂന്നാം സഭയായപ്പോഴേക്കും 68 രാജ്യങ്ങളിലെ പ്രതിനിധികൾ സഭയിൽ അംഗങ്ങളായി. ഇക്കഴിഞ്ഞ നാലാം സഭയിലെ പങ്കാളിത്തം 103 രാജ്യങ്ങളിൽ നിന്നുമായിരുന്നു.
എന്നാൽ ലോക കേരളസഭ എന്ന സംവിധാനത്തോട് വ്യത്യസ്തമായ സമീപനമാണ് കേരളത്തിന്റെ പ്രതിപക്ഷം സ്വീകരിക്കുന്നത്. 2018 ജനുവരി 4ന് തുടങ്ങിയ ആദ്യ സഭ മുതൽ ലോക കേരള സഭയെ എതിർക്കുന്ന സപീനമാണ് യുഡിഎഫ് എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. ആദ്യ സഭയെ കുറിച്ച് കൃത്യമായ പഠനങ്ങൾ നടത്താതെ മാധ്യമങ്ങൾ പോലും തെറ്റായ വിവരങ്ങളാണ് സമൂഹത്തിന്
നൽകിയിട്ടുള്ളത്. ഒരു സംവിധാനം അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുക്കുന്നതാണ് നാലാം സഭ അവസാനിക്കുന്നതോടെ ബോധ്യമാകുന്നത്. സാദിഖ് വിശദമാക്കി. പരിപാടിക്ക് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..