സഞ്ജു അടുത്ത ലോകകപ്പ് ടീമിലുണ്ടാകില്ല; കാരണങ്ങൾ നിരത്തി മുൻ ഇന്ത്യൻ താരം
2026 ടി20 ലോകകപ്പ് ടീമിൽ ഇടംനേടണമെങ്കിൽ സഞ്ജു അസാധാരണ പ്രകടനം കാഴ്ച വെക്കേണ്ടതുണ്ടെന്നും മുൻ ഇന്ത്യൻ സ്പിന്നർ പറഞ്ഞു
മലയാളി താരം സഞ്ജു സാസണ് ലോകകപ്പ് ടി20 ടീമിൽ അവസരം ലഭിച്ചുവെന്ന പ്രഖ്യാപനം വന്നതോടെ വലിയ ആവേശത്തിലായിരുന്നു മലയാളികൾ ഉൾപ്പെടെയുള്ള താരത്തിന്റെ ആരാധകർ. നിർഭാഗ്യവശാൽ ഇന്ത്യ കിരീടം നേടിയ ലോകകപ്പിലെ, ഒരു മത്സരത്തിൽ പോലും സഞ്ജുവിന് കളിക്കാനായില്ല.
എന്നാൽ, ലോകപ്പിന് ശേഷം സീനിയർ താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവർ വിരമിച്ചത് താരത്തിന് വരാനിരിക്കുന്ന മത്സരങ്ങളിൽ അവസരം ഒരുക്കുമെന്ന് പ്രതീക്ഷ നൽകിയിരുന്നു. ഇപ്പോഴിതാ സഞ്ജുവിന് 2026ലെ ടി20 ലോകകപ്പിൽ അവസരം ലഭിക്കാൻ സാധ്യതയില്ലെന്ന് വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സഞ്ജുവിനെ കുറിച്ച് മിശ്ര സംസാരിച്ചത്.
“സഞ്ജു അടുത്ത ലോകകപ്പ് കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ടി20 ക്രിക്കറ്റില്‍ യുവതാരങ്ങള്‍ കൂടുതല്‍ പ്രകടനം കാഴ്ചവെക്കുന്നു എന്ന ആശയം വിരാട് കോഹ്ലി മുന്നോട്ടുവെച്ചിട്ടുണ്ട്. സഞ്ജുവിന് അടുത്ത ലോകകപ്പ് സ്ക്വാഡില്‍ ഇടംലഭിക്കണമെങ്കില്‍ അസാധാരണ പ്രകടനം കാഴ്ച വെക്കേണ്ടതുണ്ടിവരും. ടീമില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്ഥാനം അടുത്ത ലോകകപ്പ് വരെ നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. അദ്ദേഹത്തിന് 35 വയസ്സുണ്ട്’, അമിത് മിശ്ര പറഞ്ഞു.
വിക്കറ്റ് കീപ്പർ-ബാറ്റർ സ്ലോട്ടിലേക്ക് നീണ്ട ക്യൂ തന്നെയുണ്ടെന്നും അമിത് മിശ്ര ചൂണ്ടിക്കാട്ടി. ഇഷാൻ കിഷൻ, ധ്രുവ് ജൂറൽ, ജിതേഷ് ശർമ്മ, റിഷഭ് പന്ത് എന്നിവരുടെ സാധ്യതയും താരം എടുത്തു പറഞ്ഞു. ”സഞ്ജു കളിക്കണമെങ്കില്‍ അസാമാന്യ പ്രകടനം നടത്തേണ്ടി വരും. ഇപ്പോള്‍ ടീമിലുണ്ടെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് അടുത്ത ലോകകപ്പ് വരെ ടീമില്‍ തുടരണം. അങ്ങനെയെങ്കിൽ പരിഗണിക്കും. ഇഷാന് കിഷന് എന്ന അദ്ഭുത പ്രതിഭയ്ക്കൊപ്പം ധ്രുവ് ജുറല്‍, ജിതേഷ് ശര്‍മ തുടങ്ങിയവര്‍ വാതിലില്‍ മുട്ടികൊണ്ടിരിക്കുന്ന സമയമാണിത്.” മിശ്ര കൂട്ടിച്ചേർത്തു.