പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യൻ പെൺകരുത്ത്
31 പന്തിൽ ഒൻപത് ഫോറുകൾ ചേർത്ത് സ്മൃതി നേടിയ 45 റൺസ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. പാക്കിസ്ഥാന്റെ മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയാണ് കളിയിലെ താരം. ഞായറാഴ്ച യുഎഇയ്ക്കെതിരെ ഇന്ത്യയുടെ രണ്ടാം മത്സരം
ധാംബുള്ള: ശ്രീലങ്കയിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ടി20 ടൂർണമെന്റിൽ മിന്നും വിജയത്തോടെ ഇന്ത്യൻ വനിതകൾക്ക് തുടക്കം. ധാംബുള്ളയിലെ രംഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ യിലെ മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ടൂർണമെന്റിലെ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറിൽ 108 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. 31 പന്തിൽ ഒൻപത് ഫോറുകൾ ചേർത്ത് സ്മൃതി നേടിയ 45 റൺസ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. പാക്കിസ്ഥാന്റെ മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശർമ്മയാണ് കളിയിലെ താരം. ഞായറാഴ്ച യുഎഇയ്ക്കെതിരെ ഇന്ത്യയുടെ രണ്ടാം മത്സരം.
കഴിഞ്ഞ എട്ട് എഡിഷനുകളിൽ ഏഴിലും വിജയിച്ച ഇന്ത്യ, മികച്ച ഫോമിലാണ് ടൂർണമെന്റിൽ പ്രവേശിച്ചത്. 2022ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെന്റിൽ വിജയിച്ചതും ഹർമൻ പ്രീത് നയിക്കുന്ന ഇന്ത്യൻ ടീമാണ്.നേരത്തെ ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തിലെ ഉദ്ഘാടന പോരിൽ നേപ്പാൾ വിജയിച്ചു. യുഎഇക്കെതിരായ പോരാട്ടത്തിൽ അവർ ആറ് വിക്കറ്റ് ജയം സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത യുഎഇ വനിതകൾ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് മാത്രമാണ് എടുത്തത്. നേപ്പാൾ 16.1 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ 118 റൺസെടുത്തു വിജയിച്ചു.
എട്ട് ടീമുകളാണ് ഏഷ്യാ കപ്പിൽ മാറ്റുരയ്ക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, യുഎഇ ടീമുകളാണ് ഗ്രൂപ്പ് എയിൽ. ബംഗ്ലാദേശ്, മലേഷ്യ, ശ്രീലങ്ക, തായ്ലൻഡ് ടീമുകളാണ് ഗ്രൂപ്പ് ബിയിൽ.