തിരുവനന്തപുരം > അപെക്സ് ലാബോറട്ടറീസ് വികസിപ്പിച്ചെടുത്ത ക്ലെവിറ ആൻറിവൈറൽ മരുന്നിന് കേന്ദ്രസർക്കാർ അംഗീകാരം ലഭിച്ചതായി അപെക്സ് സീനിയർ മാർക്കെറ്റിങ് മാനേജർ വി പി രാഘവൻ പറഞ്ഞു. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് ഹെർബൽ മരുന്നായ ക്ലെവിറയ്ക്കു ഉദ്പാദന-വിപണന അംഗീകാരം നൽകിയത്. ഗുരുതരമല്ലാത്ത കോവിഡ് രോഗത്തിന്റെ ലക്ഷണങ്ങൾക്ക് എതിരെ മറ്റു മരുന്നുകളോടൊപ്പം ഉപയോഗിക്കാവുന്ന മരുന്ന് എന്ന നിലയിലാണ് ക്ലെവിറയ്ക്ക് അംഗീകാരം ലഭിച്ചത് എന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പൂർണമായും ഹെർബൽ ചേരുവകളാൽ തയാറാക്കിയതാണ് ക്ലെവിറ. 2017ലെ ഡെങ്കി പനി കാലത്താണ് അപെക്സ് ലാബ് ക്ലെവിറ വികസിപ്പിക്കുന്നത്. ഇതിനെ ആൻറി-വൈറൽ മരുന്ന് എന്ന രീതിയിൽ കൂടാതെ ശരീരോഷ്മാവ് കുറയ്ക്കാനും വേദനാസംഹാരിയായും ഉപയോഗിക്കാം.
രണ്ടും മൂന്നും ഘട്ടം ക്ലിനിക്കൽ ട്രയൽ കഴിഞ്ഞ ക്ലെവിറയ്ക്ക് സെൻട്രൽ കൌൺസിൽ ഫോർ റിസേർച്ച് ഇൻ ആയുർവേദിക് സയൻസിൻ്റെ പരിശോധനയ്ക്കു ശേഷമാണ് അംഗീകാരം ലഭിച്ചത്. ആയുഷ് മന്ത്രാലയത്തിനു കീഴിൽ എയിംസിലെ ഫാർമക്കോളജി വിഭാഗം മുൻ പ്രൊഫസർ ഡോ. എസ്. കെ. മൌലിക് നയിക്കുന്ന 12 അംഗ ഇന്റർ ഡിസിപ്ലിനറി ടെക്നിക്കൽ റിവ്യൂ കമ്മിറ്റിയാണ് അംഗീകാരം നൽകിയത്.
മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ ഗുരുതരമല്ലാത്ത കോവിഡ് രോഗത്തിന് അഞ്ചാം ദിവസം 86 ശതമാനം രോഗം ഭേദമാകുന്ന നിരക്കും പത്താം ദിവസം 100 ശതമാനം രോഗം ഭേദമാകുന്ന നിരക്കും ക്ലെവിറയ്ക്കു കണ്ടെത്തി. ക്ലെവിറ കിഡ്നിക്കും കരളിനും സുരക്ഷിതമാണെന്നും പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ആഹാരത്തിനു ശേഷം ഒരു ടാബ്ലെറ്റ് എന്ന തോതിൽ ദിവസം രണ്ടു നേരം 14 ദിവസമാണ് ക്ലെവിറയുടെ ഫലപ്രദമായ ഡോസേജ്. സിറപ്പ് രൂപത്തിലും മരുന്ന് ലഭ്യമാണ്.
ചെന്നൈ കേന്ദ്രമാക്കി നാൽപ്പതിലേറെ വർഷമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽസ് കമ്പനിയാണ് അപെക്സ് ലാബ്സ്. സിങ്കോവിറ്റ്, പി-500 മുതലായ ബ്രാൻഡ് മരുന്നുകൾ അപെക്സാണ് ഉദ്പാദിപ്പിക്കുന്നത്. മുപ്പതു രാജ്യങ്ങളിലധികം സാന്നിധ്യമുള്ള അപെക്സ് ഇന്ത്യയിലെ 50 പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ഒന്നാണ്.
വാർത്താസമ്മേളനത്തിൽ ആയൂർവേദ ഡോക്ടർമാരായ ഡോ. ശ്രീവിശാഖ്, ഡോ. ഹരിത, ഡോ. ജയഹരി, അപെക്സ് ലാബ് പ്രതിനിധികളായ മേഘനാഥൻ, അശോക്, ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..