ഹെലീനയെ പരിചയപ്പെടുത്തി നെയ്മർ; കുടുംബത്തിലേക്ക് പുതിയ അതിഥി
‘ഹെലീന’ എന്ന അടിക്കുറുപ്പോടെ ഒരു നവജാത പെൺകുട്ടിയുടെ ചിത്രമാണ് താരം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നെയ്മറിന്റെ മൂത്തമകൻ ലൂക്കയും ചിത്രത്തിലുണ്ട്
ന്യുയോർക്ക്: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ കുടുംബവിശേഷങ്ങൾ വാർത്തകളിൽ ഇടം പിടിക്കുന്നത് ഇതാദ്യമല്ല. ഇത്തവണ താരം സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മകൾ ഹെലീനയുടെ ചിത്രമാണ് ഇതിനോടകം വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ‘ഹെലീന’ എന്ന അടിക്കുറുപ്പോടെ ഒരു നവജാത പെൺകുട്ടിയുടെ ചിത്രമാണ് താരം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. നെയ്മറിന്റെ മൂത്തമകൻ ലൂക്കയും ചിത്രത്തിലുണ്ട്. നെയ്മറിന്റെ മൂന്നാമത്തെ കുട്ടിയാണ് ഹെലീന.
ബ്രസീലിയൻ മോഡൽ അമൻഡ കിംബെർലിയാണ് ഹെലീനയുടെ മാതാവ്. 2016-ൽ ബ്രസീലിയൻ ഡേറ്റിംഗ് ഷോയായ ‘ആർ യു ദി വൺ?’ എന്ന പരിപാടിലുടെയാണ് അമൻഡ കിംബെർലിയും നെയ്മറും പരിചയപ്പെട്ടതെന്നാണ് വിവരം. കഴിഞ്ഞ ഒക്ടോബറിൽ നെയ്മറിനും പങ്കാളിയും മോഡലുമായ ബ്രൂണ ബിയാൻകാർഡിക്കും മറ്റൊരു പെൺകുട്ടി പിറന്നിരുന്നു. കുഞ്ഞ് പിറന്നതിന് പിന്നാലെ ഇരുവരും നവംബറിൽ ബന്ധം വേർപ്പെടുത്തിയെങ്കിലു കുട്ടിയുടെ മാമോദീസയ്ക്ക് ഇരുവരും ഒരുമിച്ച് പങ്കെടുത്തത് വാർത്താപ്രാധാന്യം നേടിയിരുന്നു. നെയ്മറുടെയും ബ്രൂണയുടെയും മകൾക്ക് ഇപ്പോൾ എട്ടുമാസമാണ് പ്രായം. അതിനൊപ്പമാണ് മറ്റൊരു അതിഥികൂടി നെയ്മർ കുടുംബത്തിലേക്ക് കടന്നുവരുന്നത്.
32 വയസുള്ള നെയ്മറിന് 12 വയസുള്ള, ഡാവി ലൂക്ക എന്നുപേരുള്ള ഒരു മകൻ കൂടിയുണ്ട്. കരോലിന ഡാന്റസുമായുള്ള ബന്ധത്തിലാണ് നെയ്മറിന് ലൂക്ക ജനിക്കുന്നത്. ഡാവിയുടെ ജനനത്തിന് മുമ്പ് തന്നെ നെയ്മറും കരോലിനയും വേർപിരിഞ്ഞിരുന്നു. ഡാവി നിലവിൽ അമ്മയായ കരോലിനയ്ക്ക് ഒപ്പമാണ് താമസം. എന്നാൽ, ഇടയ്ക്ക് പിതാവിനെ കാണാനെത്തുന്ന ചിത്രങ്ങൾ ഡാവി ലൂക്ക സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.