കോട്ടയം > വേമ്പനാട്ട് കായലോരത്ത് ആധുനിക രീതിയിൽ മുഖം മിനുക്കിയ കെടിഡിസിയുടെ പ്രീമിയം റിസോർട്ട് ആയ കുമരകം വാട്ടർ സ്കേപ്പ്സ് ഇനി മുതൽ സഞ്ചാരികൾക്ക് ആസ്വദിക്കാം. എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ ഈ റിസോർട്ടിൽ ആധുനികരീതിയിൽ സജ്ജീകരിച്ച 40 കോട്ടേജുകൾ, മൾട്ടി റെസ്റ്ററന്റ്, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
സുപ്പീരിയർ ലേക്ക് വ്യൂ, ലേക്ക് വ്യൂ, കനാൽ വ്യൂ, ഗാർഡൻ വ്യൂ എന്നീ വ്യത്യസ്ത തരത്തിലുള്ള കോട്ടേജുകൾ പ്രകൃതിയോട് ഇണങ്ങിയ രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. കുമരകം പക്ഷിസങ്കേതം ഉൾപ്പെടെ 102 ഏക്കർ ഭൂമിയിൽ വേമ്പനാട്ടു കായലിന് അഭിമുഖമായാണ് കെടിഡിസിയുടെ റിസോർട്ട്. ഡെസ്റ്റിനേഷൻ വെഡിങ് പ്രോത്സാഹിപ്പിക്കാൻ വിശാലമായ പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട് . ഇവിടെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കാനും സൗകര്യമാണ്. സഞ്ചാരികൾക്ക് ബഗ്ഗീ കാറുകളും ഒരുക്കിയിട്ടുണ്ട്. കായൽസവാരിക്ക് ഹൗസ്ബോട്ടും മോട്ടോർബോട്ടും ലഭ്യമാണ്.
ബ്രിട്ടീഷ് ഭരണകാലമായ 1877ൽ ബേക്കർസായ്പ്പും കുടുംബവും പക്ഷി സങ്കേതമുൾപ്പെടുന്ന 500 ഏക്കർ ഭൂമി വാങ്ങി കൃഷി നടത്തിയിരുന്നു. ഭൂപരിഷ്കരണ നിയമം വന്നശേഷം 1978ൽ 114 ഹെക്ടർ ഭൂമി കെടിഡിസി ഏറ്റെടുത്തു. കുമരകം ടൂറിസ്റ്റ് വില്ലേജ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്താണ് റിസോർട്ടും പക്ഷിസങ്കേതവും നിലനിൽക്കുന്നത്. കെടിഡിസിയുടെ സാന്നിധ്യം കുമരകത്തെ ടൂറിസം വളർച്ചയ്ക്കും വേഗത കൂട്ടി. 2001 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത് റിസോർട്ട് 20 വർഷത്തിനു ശേഷമാണ് പുനരുദ്ധരിച്ചത്. കൊച്ചിയിലെ ബോൾഗാട്ടി പാലസ്, മൂന്നാറിലെ ടീ കൗണ്ടി, തേക്കടിയിലെ ആരണ്യ നിവാസ്, കോവളത്തെ സമുദ്ര എന്നീ കെടിഡിസി റിസോർട്ടുകളെ ബന്ധിപ്പിച്ച് ടൂർ പാക്കേജ് ഉൾപ്പെടുത്തിയിട്ടുണ്ട്. 12.5 കോടി രൂപയുടെ സംസ്ഥാന സർക്കാർ സഹായം ഉൾപ്പെടെ 15 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതികളാണ് പൂർത്തിയാകുന്നത്. ശനിയാഴ്ച പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..