എടമുട്ടം> ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നാലു ജില്ലയിലെ 18 കേന്ദ്രങ്ങളിലെ രോഗീപരിചരണത്തിന് സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച പേഷ്യന്റ് കെയര്‍ സ്പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങ് പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആല്‍ഫ പോലുള്ള സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും രോഗബാധിതരായവരെ സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും മന്ത്രി പറഞ്ഞു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ. എം. നൂര്‍ദീന്‍ അധ്യക്ഷനായി.
ഒന്നാം സമ്മാനമായി കാര്‍, രണ്ടാം സമ്മാനമായി മൂന്നു സ്കൂട്ടറുകള്, മൂന്നാം സമ്മാനമായി 18 ടിവി സെറ്റുകള്‍ എന്നിവയാണ് നല്‍കിയത്. ചടങ്ങില്‍ കൈപ്പമംഗലം എംഎല്‍എ ഇ. ടി. ടൈസണ്‍മാസ്റ്റര്‍ മുഖ്യാതിഥിയായി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് സമ്മാനങ്ങള്‍ കൈമാറി.
പേഷ്യന്റ് കെയര്‍ സ്പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമിലെ കാര്‍ വിജയിയായ പറവൂര്‍ സ്വദേശി ഹെല്‍ന റെജിയുടെ മകന് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് കാറിന്റെ താക്കോല്‍ സമ്മാനിക്കുന്നു
ആയിരക്കണക്കിനു വരുന്ന സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്പോണ്സര്ഷിപ്പുകള് സ്വീകരിച്ച് ഇതുവരെ 40,842 രോഗികള്‍ക്ക് ആശ്വാസമെത്തിച്ച ആല്‍ഫ നിലവില്‍ 8970 രോഗികളെ പരിചരിക്കുന്നുണ്ടെന്ന് അധ്യക്ഷപ്രസംഗത്തില്‍ ആല്‍ഫാ പാലിയേറ്റീവ് ചെയര്മാന് കെ എം നൂര്‍ദീന്‍ പറഞ്ഞു. ഇത്രയും ബൃഹത്തായ പ്രവര്‍ത്തനം നടത്തുന്ന മറ്റൊരു പാലിയേറ്റീവ് പരിചരണ സ്ഥാപനം രാജ്യത്ത് ഉള്ളതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ വി.ജെ.തോംസണ്‍ കെ. എ. കദീജാബി, എ.കെ.രഞ്ചന്‍, എടമുട്ടം ഹോസ്പീസ് അഡ്മിനിസ്ട്രേറ്റര്‍ കെ. കെ. സുഗതന്, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു. ആല്‍ഫയുടെ എടമുട്ടം ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഒന്നാം സമ്മാനമായ കാര്‍ പറവൂര്‍ സ്വദേശി ഹെല്‍ന റെജി, രണ്ടാം സമ്മാനമായി മൂന്നു സ്കൂട്ടറുകള് യഥാക്രമം ഷൈജു വാലപ്പന് കല്ലേറ്റുംകര, അബ്ദുള്‍ റഷീദ് പുല്ലൂറ്റ്, അജ്മല്‍ അഴിക്കോട് എന്നിവര്‍ക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..