Ken Sunny | Samayam Malayalam | Updated: 04 Jun 2021, 12:58:00 PM
കർണാടയിലെ ഗഡഗ് ജില്ലയിൽ നിന്നുള്ള മധ്യവയസ്കനായ വ്യക്തിയാണ് തന്റെ കോഴികൾക്ക് മലബന്ധം ഉണ്ടെന്നും മൃഗഡോക്ടറെ കാണാൻ പോകുകയാണ് എന്നും പോലീസിനോട് പറഞ്ഞത്. പുറത്തിറങ്ങാനുള്ള കാരണം കേട്ട് ചിരിച്ച പോലീസ് വയോധികനെ വേഗം വീട്ടിലേക്ക് മടക്കിയയച്ചു.
PC: Twitter/Amit Upadhye
ഹൈലൈറ്റ്:
- ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് അസിറ്റന്റ് എഡിറ്ററായ അമിത് ഉപാധ്യയാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
- ‘ശരിയോ തെറ്റോ! ഇത്തരമൊരു കാര്യത്തിന് പുറത്തിറങ്ങിയ അയാളെ സമ്മതിക്കണം’ ഒരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു.
- കോഴിയ്ക്ക് യഥാർത്ഥത്തിൽ മലബന്ധമുണ്ടെങ്കിൽ എന്തുചെയ്യും?” എന്നാണ് മൂന്നാമതൊരാളുടെ സംശയം.
ഒരു സഞ്ചിയിൽ തന്റെ രണ്ട് കോഴികളുമായി നഗരത്തിലേക്കിറങ്ങിയതാണ് ഒരാൾ. അനാവശ്യമായാണോ പുറത്തിറങ്ങിയത് എന്ന് പരിശോധിക്കാൻ പോലീസ് അടുത്തെത്തി കാരണം തിരക്കി. തന്റെ കോഴിയിൽ ഒരെണ്ണത്തിനെ പുറത്തെടുത്തു പിടിച്ച വയോധികൻ അവയ്ക്ക് മലബന്ധം ഉണ്ടെന്നും മൃഗഡോക്ടറെ കാണാൻ പോകുകയാണ് എന്നുമാണ് മറുപടി പറഞ്ഞത്. പുറത്തിറങ്ങാനുള്ള കാരണം കേട്ട് ചിരിച്ച പോലീസ് വയോധികനെ വേഗം വീട്ടിലേക്ക് മടക്കിയയച്ചു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് അസിറ്റന്റ് എഡിറ്ററായ അമിത് ഉപാധ്യയാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അധികം താമസമില്ലാതെ വീഡിയോ വൈറലാവുകയും ചെയ്തു. വീഡിയോ കണ്ട് പ്രതികരിച്ചവരിൽ ഏറെപ്പേർ വീട്ടിൽ നിന്ന് പുറത്തുകടക്കാനുള്ള കാരണം ചിരിപടർത്തുന്നതാണ് അഭിപ്രായപ്പെട്ടപ്പോൾ ചിലർ ആ മനുഷ്യൻ ഒരുപക്ഷെ പറഞ്ഞത് സത്യമായിരിക്കും എന്നും പോലീസുകാർ അദ്ദേഹത്തെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണമായിരുന്നു എന്ന് പറഞ്ഞു.
മധുരപലഹാരം വാങ്ങണം! ലോക്ക്ഡൗണിൽ പുറത്തിറങ്ങി, ചെന്നുപെട്ടത് പോലീസിന്റെ മുൻപിലേക്ക്
‘ശരിയോ തെറ്റോ! ഇത്തരമൊരു കാര്യത്തിന് പുറത്തിറങ്ങിയ അയാളെ സമ്മതിക്കണം’ ഒരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു. “ലോക്ക്ഡൗൺ സമയത്ത് ചുറ്റിക്കറങ്ങാനുള്ള ഒരാളുടെ ഒഴിവുകഴിവ് അപാരം” എന്നാണ് മറ്റൊരാളുടെ അഭിപ്രായം. “എന്റെ വീട്ടിൽ 3 വളർത്തുമൃഗങ്ങൾ ഉള്ളതിനാൽ, ആ മനുഷ്യൻ കള്ളം പറയുകയാണെന്ന് എനിക്ക് വിശ്വസിക്കാനാകില്ല. കോഴിയ്ക്ക് യഥാർത്ഥത്തിൽ മലബന്ധമുണ്ടെങ്കിൽ എന്തുചെയ്യും?” എന്നാണ് മൂന്നാമതൊരാളുടെ സംശയം.
ഇതാദ്യമായല്ല ഇത്തരത്തിലുള്ള കാരണങ്ങൾകൊണ്ട് പലരും ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങുന്നത്. അടുത്തിടെ പശ്ചിമ ബംഗാളിൽ ഒരു യുവാവ് ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയിരുന്നു. പോലീസുകാരൻ തടഞ്ഞു നിർത്തി കാര്യം ചോദിച്ചപ്പോൾ കഴുത്തിൽ തൂക്കിയിട്ട പ്ലക്കാർഡ് യുവാവ് കാണിക്കുകയാണ് യുവാവ് ചെയ്തത്. ‘മിസ്തി കിന്റേ ജാച്ചി’, എന്നാണ് എഴുതിയിരിക്കുന്നത്. വെസ്റ്റ് ബംഗാളിലെ ഒരു പ്രധാന മധുര പലഹാരമായ മിസ്റ്റി വാങ്ങണം എന്നാണ് എഴുതിയിരിക്കുന്നത്.
അടുത്തിടെ കേരളത്തിലും ഒരാൾ പോലീസിന്റെ ഇ-പാസ്സിനായി അപേക്ഷിച്ച കാരണം ശ്രദ്ധ നേടിയിരുന്നു. കണ്ണൂർ ജില്ലയിലെ കണ്ണപുരം ഇരിണാവിലെ യുവാവ് ഇ-പാസ്സിനായി അപേക്ഷിച്ചിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുന്നത് സെക്സിനായി പുറത്ത് പോകണം എന്നാണ്. ആവശ്യം കേട്ട് കൗതുകം തോന്നിയ വളപട്ടണം പോലീസ് അഡ്രസ് തേടി പിടിച്ച് യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. അതെ സമയം അക്ഷരത്തെറ്റാണ് സംഭവിച്ചത് എന്നും 6 മണിക്ക് പുറത്ത് പോവണം എന്നാണ് ഉദ്ദേശിച്ചത് എന്നും യുവാവ് വ്യക്തമാക്കിയതായി കേരളം കൗമുദി റിപ്പോർട്ട് ചെയ്യുന്നു. six o’clock എന്നതിന് പകരം ടൈപ്പ് ചെയ്തത് go for sex എന്നായിപ്പോയി എന്നാണ് വിശദീകരണം. ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞതോടെ തടി കേടാകാതെ യുവാവ് രക്ഷപെട്ടു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : karnataka man steps out during lockdown, reason is his hen has constipation
Malayalam News from malayalam.samayam.com, TIL Network