“നിങ്ങൾ ടെസ്റ്റ് മത്സരം കളിക്കും. നിങ്ങളുടെ പിതാവിന്റെ അനുഗ്രഹം നിങ്ങളോടൊപ്പമുള്ളതിനാൽ നിങ്ങൾക്ക് അഞ്ച് വിക്കറ്റുകൾ ലഭിക്കും,” സിറാജ് ആ വാക്കുകൾ ഓർത്തെടുത്തു
ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ തന്റെ പിതാവിന്റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ചിന്തിച്ചിരുന്നെന്നും എന്നാൽ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയാണ് അപ്പോൾ തന്റെ മനസ്സ് മാറ്റിയതെന്നും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്.
“നിങ്ങൾ ടെസ്റ്റ് മത്സരം കളിക്കും. നിങ്ങളുടെ പിതാവിന്റെ അനുഗ്രഹം നിങ്ങളോടൊപ്പമുള്ളതിനാൽ നിങ്ങൾക്ക് അഞ്ച് വിക്കറ്റുകൾ ലഭിക്കും,” എന്ന് മെൽബണിലെ രണ്ടാം ടെസ്റ്റിന് മുമ്പ് രവി ശാസ്ത്രി തന്നോട് പറഞ്ഞതായി മുഹമ്മദ് സിറാജ് പറഞ്ഞു.
അഡ്ലെയ്ഡിൽ നാല് ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കാൻ ഒരു മാസം ശേഷിക്കേയാണ് കഴിഞ്ഞ വർഷം നവംബർ 20 ന് സിറാജിന്റെ പിതാവ് അന്തരിച്ചത്.
അന്ന് രവി ശാസ്ത്രി ഇടപെടുന്നത് വരെ എന്തുചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കൻ കഴിഞ്ഞിരുന്നില്ലെന്ന് സിറാജ് പറഞ്ഞു.
മെൽബൺ ക്രിക്കറ്റ് മൈതാനത്ത് നടന്ന ടെസ്റ്റ് അരങ്ങേറ്റത്തിൽ 27 കാരനായ സിറാജ് 77 റൺസിന് അഞ്ച് വിക്കറ്റ് നേടിയിരുന്നു.
‘നിങ്ങൾക്ക് അഞ്ച് വിക്കറ്റ് ലഭിക്കുമെന്ന് ഞാൻ പറഞ്ഞതായി രവി സർ മത്സരത്തിന് ശേഷം പറഞ്ഞു. എന്റെ പരിശീലകർ എന്നെ അത്തരത്തിൽ പ്രോത്സാഹിപ്പിച്ചതിന് ശേഷം എനിക്ക് വളരെ ആത്മവിശ്വാസമുണ്ടായി, ’സിറാജ് എബിപി ന്യൂസിനോട് പറഞ്ഞു.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ കളിക്കുന്ന സിറാജിനെ രവി ശാസ്ത്രി മാത്രമല്ല ടീം മാനേജ്മെന്റും പിന്തുണ നൽകിയിരുന്നു.
‘വിരാട് ഭായ് എപ്പോഴും അവിടെയുണ്ട്. രണ്ട് വർഷം മുമ്പ് എനിക്ക് ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്തപ്പോൾ, അദ്ദേഹം എന്റെ കഴിവിൽ വിശ്വാസം കാണിച്ചു. അദ്ദേഹം എന്നെ ആർസിബിയിൽ നിലനിർത്തി, ഇതിന് ഞാൻ നന്ദിയുള്ളവനാണ്,’സിറാജ് പറഞ്ഞു.
“ഓസ്ട്രേലിയൻ പര്യടനത്തിൽ എനിക്ക് എന്റെ പിതാവിനെ നഷ്ടമായപ്പോൾ, രവി സാറും ബൗളിംഗ് പരിശീലകനുമായ ഭാരത് അരുൺ സാറും വളരെയധികം പിന്തുണ നൽകിയിരുന്നു,” സിറാജ് പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയ്ക്കുമായി ഇന്ത്യൻ ടീമിന്റെ ഭാഗമായി നിലവിൽ ഇംഗ്ലണ്ടിലാണ് സിറാജ്.
അഞ്ച് ടെസ്റ്റുകളിൽ നിന്ന് 16 വിക്കറ്റും മൂന്ന് ടി 20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മൂന്ന് വിക്കറ്റും ഹൈദരാബാദ് സ്വദേശിയായ താരം ഇതുവരെ നേടിയിട്ടുണ്ട്.
Web Title: Ravi shastris support motivated siraj to stay back in australia after fathers death