ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിയാണ് ഐ.എൻ.എസ് വിക്രാന്ത്. 23,000 കോടിരൂപയോളം ചെലവായി. അടുത്ത വര്‍ഷം കപ്പല്‍ കമ്മീഷന് ചെയ്യും
ഐ.എൻ.എസ് വിക്രാന്ത്. Photo: Agencies/BCCL
അടുത്ത വർഷത്തോടെ കപ്പൽ കമ്മീഷൻ ചെയ്യാനാവും എന്ന പ്രതീക്ഷയിലാണ് നാവികസേന. നാവികസേനയ്ക്കായി ഇന്ത്യ തദ്ദേശിയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്. ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂർത്തീകരിച്ചത് ഇന്ത്യക്ക് അഭിമാന നിമിഷമാണെന്ന് സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ എ.കെ.ചൗള പറഞ്ഞു.
കടലിലെ അഞ്ച് ദിവസത്തെ യാത്ര വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് നാവികസേനയുടെ ഐഎൻഎസ് വിക്രാന്ത് കൊച്ചിയിൽ മടങ്ങിയെത്തിയത്. വലിയ സംതൃപ്തിയോടെയാണ് ഞങ്ങൾ തിരികെയെത്തിയത്. മികച്ച ടീം വർക്കിലൂടെയാണ് സാധ്യമായത്, വൈസ് അഡ്മിറൽ പറഞ്ഞതായി വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്തു.
കപ്പലിൽ വേഗത കൂട്ടിയും കുറച്ചുമുള്ള പരീക്ഷണങ്ങൾ, കപ്പലിലെ നാവിഗേഷൻ, കമ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും പൂർത്തിയാക്കി. ഹളളിലെ ഉപകരണങ്ങളുടെ പരിശോധനയും വിജയകരമായിരുന്നു. കപ്പലിലിൻ്റെ മെയിൻ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (പിജിഡി), സഹായ ഉപകരണങ്ങൾ എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കി. പരീക്ഷണ വേളയിൽ സിസ്റ്റം പാരാമീറ്ററുകൾ എല്ലാം തൃപ്തികരമാണെന്ന് നാവികസേന അറിയിച്ചു.
വിക്രാന്തിന്റെ ആദ്യയാത്ര വിശകലനം ചെയ്തത് സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ എ.കെ.ചൗളയാണ്.
യുദ്ധക്കപ്പലിൽ മിഗ് -29 കെ യുദ്ധവിമാനങ്ങൾ, കാമോവ് -31 ഹെലികോപ്റ്ററുകൾ, എംഎച്ച് -60 ആർ മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ വഹിക്കാൻ ഐ.എൻ.എസ്. വിക്രാന്തിന് സാധിക്കും. ഏകദേശം 28 നോട്ട് വേഗതയും 18 നോട്ട് ക്രൂയിസിംഗ് വേഗതയും ഏകദേശം 7,500 നോട്ടിക്കൽ മൈൽ സഹിഷ്ണുതയുണ്ട്.
കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുണ്ട്. സൂപ്പർ സ്ട്രക്ചറിൽ അഞ്ചെണ്ണം ഉൾപ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാർട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകൽപ്പന ചെയ്ത കപ്പലിൽ വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏതാനും യാത്രകൾ കൂടി പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ നടത്തി കാര്യക്ഷമത ഉറപ്പാക്കിയ ശേഷമേ നാവികസേനയ്ക്കു കൈമാറൂ. ഇന്ത്യൻ നേവിയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപന ചെയ്ത വിക്രാന്ത് നിർമിച്ചത് കൊച്ചിൻ ഷിപ്യാഡിലാണ്. സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’, നാവിക സേനയുടെ ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭം എന്നിവയുടെ ഉത്തമ ഉദാഹരണമാണു വിക്രാന്ത്.
****
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ins vikrant aircraft carrier latest news kochi
Malayalam News from malayalam.samayam.com, TIL Network