തിരുവനന്തപുരം: മുസ്ലീം ലീഗിലെ വിവാദത്തിന് പിന്നില്‍ സിപിഎം ആണെന്ന പ്രസ്താവന പരിഹാസ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ലീഗ് ചെന്നെത്തിയ ദുരവസ്ഥ എല്ലാവര്‍ക്കുമറിയാം. ചന്ദ്രിക പത്രത്തിന് ഇ.ഡി നോട്ടീസ് അയച്ചതടക്കമുള്ള കാര്യങ്ങള്‍ വസ്തുതകളാണ്. സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച് ലീഗിന് തടിതപ്പാന്‍ കഴിയില്ലെന്നും എ വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗിനെതിരെ ഉയരുന്ന വിവാദങ്ങള്‍ സി.പി.എം സൃഷ്ടിയാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് ഓഫീസില്‍ നടന്ന സംഭവങ്ങള്‍ ലീഗിലെ പ്രശ്നം എന്നല്ലാതെ സിപിഎമ്മുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയുണ്ട്,വലിയ അഭിപ്രായ വ്യത്യാസമുണ്ട് അത് വ്യക്തമാണ്. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ലീഗിന്റെ നേതൃത്വമില്ലായ്മയാണ് ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത്. അല്ലാതെ നേതൃത്വത്തിന്റെ കരുത്തല്ല.
അഴിമതി പണവുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കങ്ങളാണ് ലീഗിലുണ്ടായ പ്രതിസന്ധി. അത് രൂക്ഷമാവാനും പോവുന്നു. വസ്തുത ഇതാണ്. അതിനാല്‍ സിപിഎമ്മിന് നേരെ ആക്ഷേപമുന്നയിച്ച് തടിതപ്പാന്‍ ശ്രമിച്ചാലൊന്നും ലീഗ് നേതൃത്വം രക്ഷപ്പെടാന്‍ പോവുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടിന്റെ ഉദാഹരണങ്ങള്‍ എന്ന നിലയിലാണ് അവര്‍ സിപിഎമ്മിനെ ആക്ഷേപിക്കുന്നത്. വിചിത്രമായ വാദമാണ്. ലീഗ് ഇപ്പോള്‍ പറയുന്ന ന്യായം പറയുന്നവര്‍ക്ക് തന്നെ വിശ്വസിക്കാന്‍ കഴിയാത്ത ന്യായമാണ്. കാണുന്നവരെ അപഹസിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണെന്നും വിജയരാഘവര്‍ പറഞ്ഞു.
എല്ലാ വിഭാഗങ്ങളുടേയും പിന്തുണയുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളത്. ലീഗിന് എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള വിരോധം അധികാരം കിട്ടാത്തതിന്റെ നിരാശയാണ്. അധികാരമില്ലാത്ത ലീഗില്‍ തര്‍ക്കം എന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ നിശബ്ദമായിരിക്കുകയാണ്. ഭാവിയില്‍ കോണ്‍ഗ്രസിലും തര്‍ക്കമുണ്ടാവും. രൂക്ഷമായ പ്രതിസന്ധിയിലേക്ക് പോവും. യുഡിഎഫില്‍ രൂപം കൊള്ളാന്‍ പോവുന്ന പ്രതിസന്ധിയുടെ തുടക്കമാണ് ലീഗില്‍ ഇപ്പോള്‍ കാണുന്ന തര്‍ക്കങ്ങള്‍. നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവാതെ ലീഗ് ഉന്നയിച്ചുകൊണ്ടിരിക്കുന്ന വാദങ്ങളെ ജനങ്ങള്‍ പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലീഗിനെതിരെ ഉയരുന്ന വിവാദങ്ങള്‍ സി.പി.എം സൃഷ്ടിയെന്ന് കഴിഞ്ഞദിവസം പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം മറി കടക്കാനും ശ്രദ്ധ തിരിച്ച് വിടാനുമാണ് സി.പി.എം ശ്രമിക്കുന്നത്. എതിരാളികളുടെ കെണിയില്‍ വീഴാതെ സൂക്ഷിക്കുക എന്നതും സംഘടനാപരമായ അച്ചടക്കവും പ്രധാനമാണ്. സമുദായത്തിന് വേണ്ടി കപട സ്നേഹം നടിക്കുന്നവരെ തിരിച്ചറിയണമെന്നും യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.