തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ആശുപത്രികള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു.
സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആശുപത്രികളിലേയും കാഷ്വാലിറ്റികളിലും ഒ.പികളിലും സി.സി.ടി.വി സ്ഥാപിക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സി.സി.ടി.വി സംവിധാനം എയിഡ്പോസ്റ്റുമായി ബന്ധപ്പെടുത്തണം. ആശുപത്രികളില്‍ ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. ഒ.പികളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ഇനി മുതല്‍ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം. എന്നാല്‍ നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. അക്രമം നടന്നാല്‍ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. മെഡിക്കല്‍കോളേജ് പോലുള്ള വലിയ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജന്‍സികളുടെ കാലാവധി തീരുന്ന മുറയ്ക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖോബ്രഗഡെ, ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.കെ. വിനോദ്കുമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
content higlights: kerala government call for strict action agianst attack on doctors