മലപ്പുറം: എന്തിനെക്കാളും പ്രധാനം പാര്‍ട്ടിയാണെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍. മുസ്ലിം ലീഗിലെ വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു പ്രതികരണം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്നും ഒരുമയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. എല്ലാം കലങ്ങിത്തെളിയുമെന്ന് പറഞ്ഞ അദ്ദേഹം കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി.
ആരോടും വ്യക്തി വിരോധമില്ല. പ്രഥമ പരിഗണന നല്‍കുന്നത് പിതാവിന്റെ ആരോഗ്യ പരിപാലനത്തിനാണ് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ലീഗ് നേതൃയോഗം ചേര്‍ന്നിരുന്നു. ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് എന്നായിരുന്നു മുഈനലിയുടെ പരാമര്‍ശം.
അതിനിടെ, മുഈനലി തങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാത്തത് ഹൈദരലി തങ്ങളുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ചന്ദ്രികയുടെ പ്രതിസന്ധി പരിഹരിക്കാന്‍ മുഈനലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അത് പൂര്‍ണ പരാജയമായിരുന്നുവെന്നും സലാം കുറ്റപ്പെടുത്തി.
ചന്ദ്രികയുടെ പണം കുഞ്ഞാലിക്കുട്ടി എടുത്തിട്ടില്ല. മുഈനലി തങ്ങളുടെ പരസ്യപ്രതികരണം തെറ്റാണ്. പാര്‍ട്ടിക്ക് ഉള്ളില്‍ പറയേണ്ടത് പാര്‍ട്ടിക്ക് ഉള്ളിലാണ് പറയേണ്ടതെന്നും സലാം പറഞ്ഞു. അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ മുഈനലി തങ്ങള്‍ക്ക് എതിരേ നടപടിയെടുക്കുന്നതുവരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കുഞ്ഞാലിക്കുട്ടി പക്ഷം.
Content Highlights: moyeen ali thangal reacts about his controversial statement aganist kunjalikutty