തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ടിആര്‍ സുനില്‍ കുമാര്‍ പിടിയില്‍. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
സുനില്‍ കുമാര്‍ മുന്‍പ് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. നിലവില്‍ ആറ് പേരാണ് കേസില്‍ പ്രതികളായുള്ളത്. ഒളിവില്‍ പോയ ഇവര്‍ക്ക് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍(58), മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു കരീം(45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്(43), ബാങ്ക് അംഗം കിരണ്‍(31), ബാങ്കിന്റെ മുന്‍ റബ്കോ കമ്മീഷന് ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് മുന്‍ അക്കൗണ്ടന്റ് റെജി അനില്‍(43) എന്നിവരാണ് കേസിലെ ആറ് പ്രതികള്‍.
Content Highlights: Main accused in Karuvannur Bank Scam arrested from Thrissur