കൊച്ചി: ബെവ്കോ ഔട്ട്ലെറ്റുകൾക്കു മുന്നിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. മദ്യശാലകൾക്കു മുന്നിൽ ഇപ്പോഴും തിരക്കുമാറിയിട്ടില്ലെന്നും കന്നുകാലികളോട് പെരുമാറുന്നതുപോലെയാണ് ബെവ്കോയിൽ എത്തുന്നവരോട് പെരുമാറുന്നതെന്നും കോടതി വിമർശിച്ചു.
പോലീസ് ബാരിക്കേഡ് വച്ചാണ് നിലവിൽ തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്ലെറ്റുകളിലെ ഈ സ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മദ്യശാലകളിൽ എത്തുന്നവർക്ക് വാക്സിനേഷൻ രേഖകളോ ആർ.ടി.പി.ആർ സർട്ടിഫിക്കറ്റോ നിർബന്ധമാക്കമെന്നും കോടതി വാക്കാൽ പരാമർശിച്ചു. മദ്യം വാങ്ങേണ്ടതിനാൽ കൂടുതൽ പേർ വാക്സിനെടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തിൽ സർക്കാർ നാളെ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.
മദ്യശാലകൾക്കു മുന്നിലെ തിരക്ക് നിയന്ത്രിക്കണമെന്നും മദ്യം വാങ്ങാനെത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ രണ്ടു തവണ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
Content HIghlights: Highcourt seeks explanation from government regarding crowd before bevco outlets