കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സംബന്ധിച്ച അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. എക്സ്ചേഞ്ചുകള്‍ക്ക് പിന്നില്‍ വലിയതോതില്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടന്നതായി സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. വിവിധ ഇടങ്ങളില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിക്കാന്‍ പാക് പൗരന് പണം നല്‍കിയതായും സംശയമുണ്ട്. രാമനാട്ടുകര സ്വര്‍ണക്കടത്തുസംഘത്തിനും ഇവരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. മുഖ്യപ്രതി ഇബ്രാഹിമിന്റെ ലാപ്ടോപ്പില്‍ നിന്ന് ഇതുസംബന്ധിച്ച് നിര്‍ണായക വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
കോഴിക്കോട് ചിന്താവളപ്പില് നിന്നാണ് റെയ്ഡില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പോലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴിടങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പോലീസ് കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലുതാണ് ഇതിന് പിന്നിലെ കുഴല്‍പണ ഇടപാടുകളെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ ബെംഗളുരുവില്‍ നിന്ന് പിടികൂടിയ ഇബ്രാഹിമിന്റെ ലാപ്ടോപ്പില്‍ നിന്നാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. കുഴല്‍പ്പണമാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും പാകിസ്താന് പൗരനാണ് പണം കൊടുത്തതെന്നുമുള്ള സൂചനയാണ് ഇപ്പോള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്. കൂടാതെ രാമനാട്ടുകര സ്വര്‍ണക്കടത്തുസംഘവും ആശയവിനിമയത്തിനായി ഈ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയാഗിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ദക്ഷിണാഫ്രിക്ക, യുഗാണ്ട, എറിത്രിയ, ടാന്‍സാനിയ എന്നീ നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുകാരുടെ ദുബായ് അക്കൗണ്ടുകളിലേക്ക് പണം വന്നതായുള്ള വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുസംഘങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എത്രത്തോളം ഇതിന് രാജ്യാന്തര ഭീകരവാദവുമായി ബന്ധമുണ്ടെന്നുള്ള കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തിവരുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു. വരും നാളുകളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരമെന്നാണ് അന്വേഷണസംഘം നല്കുന്ന സൂചന.
Content Highlights: Speculations on pakisthan relation to parellel telephone exchange in kerala