പുതിയ സീസണിലേക്ക് കടക്കുമ്പോള്‍ മെസിക്ക് പുറമെ മറ്റ് ലോകോത്തര താരങ്ങളെയും ഫ്രഞ്ച് ടീം കുടക്കീഴിലാക്കിയിട്ടുണ്ട്
പാരിസ്: പത്താം നമ്പര്‍ കുപ്പായത്തില്‍ ഫുട്ബോള്‍ ലോകത്ത് റെക്കോര്‍ഡുകള്‍ വെട്ടപ്പിടിച്ച സൂപ്പര്‍ താരം ലയണല്‍ മെസി പാരിസ് സെന്റ് ജര്മനില് (പി.എസ്.ജി) അണിയുക 30-ാം നമ്പര്‍ ജേഴ്സി. പി.എസ്.ജി. പുറത്തിറക്കിയ ട്രെയിലറിലാണ് താരത്തിന്റെ നമ്പര്‍ വെളിപ്പെടുത്തിയത്.
ഇന്നലെ പി.എസ്.ജിയുമായി കരാറില്‍ ഒപ്പിട്ട മെസി ടീം സ്റ്റേഡിയത്തിലുമെത്തി. താരത്തിന്റെ ശാരീരിക പരിശോധനകളുടെ പൂര്‍ത്തിയായതായാണ് ട്രെയിലറിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്.
ബാഴ്സലോണയ്ക്കായി ആദ്യം മെസി കളിക്കാനിറങ്ങിയപ്പോള്‍ ആദ്യം 30-ാം നമ്പര്‍ ആയിരുന്നു. പിന്നീട് 19 നമ്പറും ധരിച്ചു. എന്നാല്‍ കറ്റാലന്മാര്ക്കായും, അര്ജന്റീനയ്ക്കായു മെസി ഏറ്റവും കൂടുതല്‍ തിളങ്ങിയത് 10-ാം നമ്പര്‍ കുപ്പായത്തിലാണ്.
മെസിയുടെ സുഹൃത്ത് കൂടിയായ ബ്രസീലിയന്‍ താരം നെയ്മറാണ് പി.എസ്.ജിയിലെ പത്താം നമ്പര്‍. മെസിക്കായി ജേഴ്സി വിട്ടു നല്കാന് നെയ്മര്‍ തയാറായിരുന്നെന്നാണ് സ്പാനിഷ് മാധ്യമമായ മാഴ്സ റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ സീസണിലേക്ക് കടക്കുമ്പോള്‍ മെസിക്ക് പുറമെ മറ്റ് ലോകോത്തര താരങ്ങളെയും ഫ്രഞ്ച് ടീം കുടക്കീഴിലാക്കിയിട്ടുണ്ട്. മുന്‍ റയല്‍ മാഡ്രിഡ് നായകന് സെര്‍ജിയോ റാമോസ്, അഷ്റഫ് ഹക്കിമി, വിജിനാള്ഡം, ഇറ്റലിയുടെ യൂറോ കപ്പ് ഹീറോയും ഗോള്‍ കീപ്പറുമായ ഡൊണ്ണാരുമ്മ എന്നിവരാണ് മറ്റ് കളിക്കാര്‍.
Also Read: മെസി പിഎസ്ജിയിൽ; കരാറിൽ അന്തിമ ധാരണ