ന്യൂഡല്‍ഹി: അഭിഭാഷകരായ മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി.
പി.എസ്.സി. മുന്‍ ചെയര്മാന് കെ. സി. സാവന്‍ കുട്ടിയുടെ മകനാണ് മുഹമ്മദ് നിയാസ്. തലശേരി സ്വദേശിയായ നിയാസ് കോഴിക്കോട് ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. കൊച്ചി ജിസിഡിഎ, കാലിക്കറ്റ് സര്‍വ്വകലാശാല, സ്റ്റേറ്റ് കോര്പറേറ്റിവ് യൂണിയന്, റബ്കോ എന്നിവയുടെ അഭിഭാഷകനായിരുന്നു. കോര്‍പറേറ്റ് ലോയില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുളള നിയാസ് പല പ്രമുഖ സ്വകാര്യ കമ്പനികളുടെയും അഭിഭാഷകനായിരുന്നു.
എറണാകുളം സ്വദേശിയായ വിജു എബ്രഹാം ഹൈക്കോടതി അഭിഭാഷകനായിരുന്ന എ.കെ. അവിരായുടെ മകനാണ്. എറണാകുളം ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. 2004 മുതല്‍ 2007 വരെ കേരള ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡറായും 2011 മുതല്‍ 2016 വരെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2010-ല്‍ കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് സെക്രട്ടറി ആയിരുന്നു.
2019 മാര്‍ച്ചില്‍ ചേര്‍ന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോള്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര നിയമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. 2019 മെയ് മാസം ചേര്‍ന്ന കൊളീജിയമാണ് വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഈ മൂന്ന് ശുപാര്‍ശകളും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ചേര്‍ന്ന കൊളീജിയം മൂന്ന് പേരെയും ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നെങ്കിലും നിയമന ഉത്തരവ് ഇറക്കാന്‍ വൈകുകയായിരുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകിക്കുന്നതിനെ സംബന്ധിച്ച് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുജു നല്കിയ മറുപടി വിവാദമായിരുന്നു. മറുപടിക്ക് എതിരെ ജോണ്‍ ബ്രിട്ടാസ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നിയമ മന്ത്രാലയം നിയമന ഉത്തരവ് പുറത്ത് ഇറക്കിയത്. കൊളീജിയം രണ്ടാമത് ശുപാര്‍ശ ചെയ്തിട്ടും കെ.കെ. പോളിന്റെ നിയമന ഉത്തരവ് ഇത് വരെയും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല.
content highlights: muhammad niyas and viju abraham appointed as additional judges in kerala highcourt