കോഴിക്കോട്: ക്രോണിക് എപ്പിലെപ്റ്റിക് ഡിസോര്‍ഡര്‍ എന്ന അപൂര്‍വ്വ രോഗ ബാധിതയായ പവിത്രക്ക് താങ്ങായി ജില്ലാഭരണകൂടം. എഴുന്നേറ്റ് നില്‍ക്കാനോ ഇരിക്കാനോ കഴിവില്ലാതെ സാരി തൊട്ടിലില്‍ കഴിയുന്ന 22 കാരി പവിത്രയുടെ വാര്‍ത്ത മാതൃഭൂമിയും വീഡിയോ മാതൃഭൂമി ഡോട്കോമും കൊടുത്തിരുന്നു. വീഡിയോയും വാര്‍ത്തയും ശ്രദ്ധയില്‍ പെട്ടതോടെ സ്ഥലത്തെ ജനപ്രതിനിധികളടക്കം വിഷയം നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിങ്ങിലാണ് നടപടിയായത്.
അസി. കലക്ടര്‍ മുകുന്ദ് കുമാര്‍ ഇന്ന് പവിത്രയെ സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി നഗരത്തില്‍ പലയിടത്തായി വാടകയ്ക്ക് താമസിക്കുകയാണ് പവിത്രയും കുടുംബവും. കോവിഡ് കാലം കൂടി വന്നതോടെ സ്ഥിരമായി കഴിക്കേണ്ട മരുന്നിനുള്ള സാമ്പത്തികാവസ്ഥ പോലും ഇവര്‍ക്കില്ലാതായി. ചാലപ്പുറം ഫാത്തിമ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്കു താമസിക്കുന്ന കസ്തൂരിബായിയുടെ മകള്‍ പവിത്രക്ക് ജനിച്ച് എട്ടാം മാസത്തിലാണ് അപൂര്‍വ രോഗമാണെന്ന് തിരിച്ചറിഞ്ഞത്.
ഇവര്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വന്തമായി വീട് നല്‍കാനുള്ള നടപടികള്‍ അസി. കലക്ടര്‍ സ്വീകരിച്ചു. പവിത്രക്ക് ലീഗല്‍ ഗാര്‍ഡിയനെ അനുവദിക്കാനും ആശ്വാസ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നിരാമയ ഇന്‍ഷുറന്‍സ് നല്‍കാനും നാഷണല്‍ ട്രസ്റ്റ് ജില്ലാ കമ്മറ്റി തീരുമാനിച്ചു. ചികില്‍സയും മരുന്നും ഭക്ഷണവും ഉറപ്പാക്കാന്‍ സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കാനും തിരുമാനിച്ചു.
നാഷണല്‍ ട്രസ്റ്റ് ജില്ലാ ചെയര്മാന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി, അസി.കലക്ടര്‍ മുകുന്ദ് കുമാര്‍, കൗണ്‍സിലര്‍ ഉഷാദേവി, ജില്ലാ കണ്‍വീനര്‍ പി.സിക്കന്തര്‍, ഡോ.പി.ഡി. ബെന്നി, ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ഷൈജല്‍, ലോ ഓഫീസര്‍ സലിം പര്‍വീസ്, സബ് രജിസ്ട്രാര്‍ രശ്മി ഗോപി, നാഷണല്‍ ട്രസ്റ്റ് എന്‍.ജി.ഒ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം.സിറാജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.