കോഴിക്കോട്: ഹോക്കി ഒളിമ്പിക് മെഡല്‍ ജേതാവ് പി. ആര്. ശ്രീജേഷിനുള്ള പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടെന്ന് മുന്‍ കായികമന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജന്. എല്ലാ വശങ്ങളും പരിശോധിച്ച് വേണം സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാനെന്നും ഇ.പി. ജയരാജന് പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ പാരിതോഷികം പ്രഖ്യാപിക്കാനാവില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിഷയം കാബിനറ്റ് ചര്‍ച്ച ചെയ്ത ശേഷം ഒറ്റക്കെട്ടായ തീരുമാനം എടുക്കണം. പ്രഖ്യാപനം സര്‍ക്കാര്‍ വൈകിക്കുന്നതല്ലെന്നും നിരവധി നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ജയരാജന് പറഞ്ഞു. പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ഇ. പി. ജയരാജന് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച ഒരു പ്രതിഭയ്ക്ക് നല്കുന്ന ആദരം ഏറ്റവും മികച്ചതായിരിക്കണം. എന്നാല്‍ അത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാവരുതെന്നും ഇ.പി പറഞ്ഞു. സര്‍ക്കാര്‍ ഉടന്‍ തന്നെ പാരിതോഷികം പ്രഖ്യാപിക്കും. മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യാനാവില്ലെന്നും കേരളത്തിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും ഇ.പി. ജയരാജന് പറഞ്ഞു.
ശ്രീജേഷിനുള്ള പാരിതോഷികം ബുധനാഴ്ച നിയമസഭയില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു കായിക മന്ത്രി വി. അബ്ദുറഹ്മാന് അറിയിച്ചത്. കേരളം എന്നും കായിക താരങ്ങളെ പിന്തുണച്ചിട്ടുണ്ടെന്നും കേരളത്തില്‍ നിന്ന് ഒളിമ്പിക്സില്‍ പങ്കെടുത്തവര്‍ക്ക് ടോക്യോയിലേക്ക് പോകുംമുമ്പ് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും വിവാദങ്ങള്‍ക്കുള്ള മറുപടിയായി കായികമന്ത്രി പറഞ്ഞിരുന്നു. ശ്രീജേഷ് സര്‍ക്കാര്‍ ജോലിക്കാരനാണെന്നതുകൂടി പരിഗണിച്ചായിരിക്കും പാരിതോഷികം പ്രഖ്യാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
content highlights : financial crisis delays reward for olympic winner sreejesh says ep jayarajan