പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകുവാനും തീരുമാനിച്ചു
ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി കായിക താരം പി ആർ ശ്രീജേഷിനും ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങൾക്കും സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു.
ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം നൽകും. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ( സ്പോർട്സ് ) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ ( സ്പോർട്സ് ) ആയി സ്ഥാനക്കയറ്റം നൽകുവാനും തീരുമാനിച്ചു. എട്ട് കായികതാരങ്ങൾക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.
ശബരിമലയിലെ നിർദ്ദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കിൻഫ്രയെ നിയമിക്കാനുള്ള തീരുമാനം മാറ്റി. കെഎസ്ഐഡിസിയെ നോഡൽ ഏജൻസിയായി ചുമതലപ്പെടുത്താൻ തീരുമാനിച്ചു.
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അക്കാദമിക് ക്യാമ്പസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ വില്ലേജിൽ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ എസ്റ്റാബ്ലിഷ്മെന്റ് ചാർജ് ഇനത്തിലുള്ള തുക ഇളവ് ചെയ്യാൻ തീരുമാനിച്ചു.
നാലാം ഭരണപരിഷ്കാര കമ്മീഷന്റെ അഞ്ചാമത് റിപ്പോർട്ടിലെ ശുപാർശകൾ തത്വത്തിൽ അംഗീകരിച്ചു. ശുപാർശ നടപ്പാക്കാനാവശ്യമായ വിശദമായ നടപടിക്രമങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം വാങ്ങേണ്ടതാണ്.
വർഷത്തിൽ പതിനായിരം മെട്രിക് ടൺ ഈറ്റ സൗജന്യമായി ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷനെ അനുവദിക്കുന്നതിന് ബാംബൂ കോർപ്പറേഷനും വനം വകുപ്പും തമ്മിൽ 1.11.2020 മുതൽ 3.10. 2025 വരെ സാധുതയുള്ള കരാറിൽ ഏർപ്പെടുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.
Web Title: Kerala government announces rewards for pr sreejesh and other olympians