“മറ്റൊരു ചാമ്പ്യൻസ് (ലീഗ് ട്രോഫി) ഉയർത്തുക എന്നതാണ് എന്റെ ലക്ഷ്യവും സ്വപ്നവും, അത് നേടാനുള്ള മികച്ച അവസരങ്ങൾ ലഭിക്കാൻ ഞാൻ ശരിയായ സ്ഥലത്താണെന്ന് ഞാൻ വിശ്വസിക്കുന്നു,” മെസ്സി പറഞ്ഞു.
മറ്റൊരു ചാമ്പ്യൻസ് ലീഗ് ട്രോഫി നേടുന്നതിനായി താൻ ശരിയായ സ്ഥലത്താണെന്ന് സൂപ്പർ താരം ലയണൽ മെസ്സി. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ ചേർന്നതിന് പിറകെയാണ് മെസി ഇക്കാര്യം പറഞ്ഞത്. നെയ്മറിന്റെ സാന്നിദ്ധ്യമാണ് പാരീസ് സെന്റ് ജെർമെയ്നുമായി ( പിഎസ്ജി) ഒപ്പിടാനുള്ള തീരുമാനത്തിലെ പ്രധാന ഘടകമെന്നും മെസ്സി വ്യക്തമാക്കി.
ബുധനാഴ്ച പാർക്ക് ഡെ പ്രിൻസസ് സ്റ്റേഡിയത്തിൽ തന്റെ ആമുഖ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു 34-കാരനായ അർജന്റീനിയൻ സൂപ്പർ താരം.
“മറ്റൊരു ചാമ്പ്യൻസ് (ലീഗ് ട്രോഫി) ഉയർത്തുക എന്നതാണ് എന്റെ ലക്ഷ്യവും സ്വപ്നവും, അത് നേടാനുള്ള മികച്ച അവസരങ്ങൾ ലഭിക്കാൻ ഞാൻ ശരിയായ സ്ഥലത്താണെന്ന് ഞാൻ വിശ്വസിക്കുന്നു,” മെസ്സി പറഞ്ഞു.
“നിങ്ങളുടെ ഈ സ്ക്വാഡിനെ കാണുമ്പോൾ, അവരോടൊപ്പം കളിക്കാൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നു, കാരണം ധാരാളം സാധ്യതകൾ ഉണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾക്ക് ഒരേ ലക്ഷ്യമാണ്. നെയ്മർ തീർച്ചയായും ഒരുപാട് കാര്യങ്ങൾ ചെയ്തു, അത് എന്റെ തിരഞ്ഞെടുപ്പിൽ പ്രധാനമാണ്,” മെസ്സി പറഞ്ഞു.
2020 ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ, ഖത്തർ പിന്തുണയുള്ള പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള തീവ്ര ശ്രമത്തിലാണ്. ബാഴ്സലോണയെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ സഹായിച്ച താരമാണ് മെസ്സി.
ബാഴ്സലോണയിലെ മുൻ സഹതാരം നെയ്മറും ഒപ്പം ഫ്രാൻസ് ലോകകപ്പ് ജേതാവ് കൈലിയൻ എംബാപ്പെയും അടങ്ങുന്ന സംഘത്തിലേക്കുള്ള മെസ്സിയുടെ വരവ് പിഎസ്ജിക്ക് ശക്തമായ ആക്രമണ ഓപ്ഷനുകൾ നൽകുന്നു.
“ഞാൻ മികച്ച കളിക്കാർക്കൊപ്പം കളിക്കാൻ പോകുന്നു, ഇത് വളരെ സന്തോഷകരമാണ്, ഇത് അനുഭവിക്കാൻ കഴിയുന്നത് അവിശ്വസനീയമാണ്,” മെസ്സി പറഞ്ഞു.
അർജന്റീനിയൻ ടീമംഗങ്ങളെയും പിഎസ്ജിയിലെ കളിക്കാരുമായ ഏഞ്ചൽ ഡി മരിയയെയും ലിയാൻട്രോ പാരെഡസിനെയും കുറിച്ചും മെസി പരാമർശിച്ചു.
“വ്യക്തമായും, വരാൻ ഒരു കാരണം ലോക്കർ റൂം ആയിരുന്നു: നെയ്മർ, ഡി മരിയ, പരേഡസ്, എനിക്ക് അറിയാവുന്നവർ,” മെസി പറഞ്ഞു
പിഎസ്ജിയിൽ കളിക്കാൻ താൻ തയ്യാറാണെന്ന് മെസ്സി പറഞ്ഞു.
“എനിക്ക് അത് അനുഭവപ്പെടുമ്പോൾ, ജീവനക്കാർക്ക് ഞാൻ കുഴപ്പമില്ലെന്ന് തോന്നിയാൽ, ഞാൻ തയ്യാറാകും. ഞാൻ കളിക്കാൻ തയ്യാറാണ്, ”അദ്ദേഹം പറഞ്ഞു.