തുടര്‍ച്ചയായ പത്താം കിരീടം ലക്ഷ്യമിട്ടാണ് ബയേണ്‍ മ്യൂണിച്ച് ഇറങ്ങുന്നത്
ബെര്‍ളിന്‍: ജര്‍മന്‍ ബുണ്ടസ്ലിഗയില് ബയേണ്‍ മ്യൂണിച്ചിനെ മറികടന്ന് കിരീടം നേടാന്‍ ആരെങ്കിലും ഉണ്ടാകുമോ ഈ സീസണില്‍. തുടര്‍ച്ചയായ പത്താം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബയേണ്‍ തന്നെയായിരിക്കും ജര്‍മന്‍ ലീഗില്‍ ഇത്തവണയും മേധാവിത്വം സ്ഥാപിക്കുക. എന്നിരുന്നാലും ബുണ്ടസ്ലിഗയില് ഇത്തവണ കടുത്ത മത്സരങ്ങള്‍ നടത്താന്‍ സാധ്യതയുള്ള ടീമുകളുണ്ട്.
ബയേണ്‍ മ്യൂണിച്ച്
ഹന്‍സി ഫ്ലിക്കെന്ന തന്ത്രശാലിയില് നിന്ന് പരിശീലക സ്ഥാനം ഏറ്റുവാങ്ങിയ 34 കാരനായ ജൂലിയന്‍ നേഗല്‍സ്മാന്റെ മികവിലായിരിക്കും ഇത്തവണ ബയേണ്‍ കിരീടം നിലനിര്‍ത്താനിറങ്ങുക. ബയേണിന് പിന്നില്‍ ലീഗില്‍ എല്ലാവരേയും ആശ്ചര്യപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തിയ ലെയ്പ്സിഗിന്റെ പിന്നില്‍ ജീലിയന്റെ മികവായിരുന്നു.
ഡയോട്ട് ഉപമെക്കാനോ എന്ന ഫ്രഞ്ച് പ്രതിരോധ താരത്തെ ആര്.ബി. ലെയ്പ്സിഗില്‍ നിന്ന് ടീമിലെത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രതിരോധ താരം ഒമര്‍ റിച്ചാര്‍ഡ്സും ടീമിലെത്തി. ഡേവിഡ് അലാബ, ഡഗ്ലസ് കോസ്റ്റ, സാവി മാര്‍ട്ടിനസ് എന്നിവര്‍ ടീം വിട്ടത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബയേണ്‍.
കഴിഞ്ഞ സീസണില്‍ തിളങ്ങാതെ പോയ ലിയോറി സനെ, മാര്‍ക് റോക്ക എന്നിവരുടെ മികച്ച പ്രകടനമായിരിക്കും ജൂലിയന്‍ പ്രതീക്ഷിക്കുന്നത്.
ലീപ്സിഗ്
അമേരിക്കന്‍ പരിശീലകന് ജെസെ മാര്‍ഷയുടെ കീഴില്‍ മികച്ച ഫോമിലാണ് ലീപ്സിഗ് ഉള്ളത്. പോര്‍ച്ചുഗലിന്റെ സ്ട്രൈക്കര്‍ ആന്ദ്രെ സില്‍വയെ 23 മില്യണ്‍ യൂറോ മുടക്കി ടീമിലെത്തിച്ചതിന്റെ ലക്ഷ്യം തന്നെ ഗോള്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കാനാണ്. ഹംഗേറിയന്‍ താരം ഡൊമിനിക് സോബോസ്ലായ് ശാരീരിക ക്ഷമത വീണ്ടെടുത്തതും ടീമിന് ഗുണം ചെയ്യും.
ഉപമെക്കാനോയുടെയും പ്രതിരോധ താരം ഇബ്രാഹിമ കൊണാറ്റെയുടെയും വിടവാങ്ങലുകളെ ലീപ്സിഗ് പരിഹരിക്കേണ്ടതുണ്ട്. യുവേഫ യൂറോ കപ്പില്‍ സെ്പെയിനിനായി തിളങ്ങിയ ഡാനി ഓല്‍മോയ്ക്ക് ടീമില്‍ ഒരു സുപ്രധാന റോള്‍ ഇത്തവണ ലഭിച്ചേക്കും.
ബൊറൂസിയ ഡോര്‍ട്ട്മുണ്ട്
കഴിഞ്ഞ സീസണില്‍ ലീപ്സിഗിന് പിന്നിലായി ബുണ്ടസ്ലിഗയില് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു ബൊറൂസിയക്ക്. പലിശീലകരില് ഇടയ്ക്കിടെ വന്ന മാറ്റങ്ങള്‍ ടീമിന്റെ പ്രകടനത്തേയും ബാധിക്കുകയായിരുന്നു. മാര്‍ക്കൊ റോസ് എന്ന പുതിയ തലവന്റെ തന്ത്രങ്ങള്‍ ഇത്തവണ ഡോര്‍ട്ടുമുണ്ടിന് കിരീടം നേടിക്കൊടുക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
ജാദോണ്‍ സാഞ്ചോ യുണൈറ്റഡിലേക്ക് ചേക്കേറിയപ്പോള്‍ ഡച്ച് താരം ഡോണില്‍ മലനെ ടീമിലെത്തിച്ച് ബൊറൂസിയ വിടവ് നികത്തി. യൂറോക്കപ്പില്‍ കളിക്കാതിരുന്നതോടെ നായകന് മാര്‍ക്കൊ റൂസ് മികച്ച ശാരീരിക ക്ഷമത കൈവരിച്ചിട്ടുണ്ട്. എര്‍ലിംഗ് ഹാളണ്ടെന്ന ഗോളടി യന്ത്രവും ബൊറുസിയയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കും.
മറ്റു ടീമുകള്‍
ബയർ ലെവർകൂസൻ, ബൊറൂസിയ മൻചെൻഗ്ലാഡ്ബാച്ച്, ഫ്രാങ്ക്ഫർട്ട്, വുൾഫ്സ്ബർഗ് എന്നിവർക്ക് പുതിയ പരിശീലകരുണ്ട്. പക്ഷേ പ്രസ്തുത ടീമുകള്‍ക്ക് കീരിട ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് യോഗ്യത നേടുക എന്നതാണ് പ്രധാനം.
ഹെർത്ത ബെർലിൻ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സാധ്യതയുണ്ട്. സ്റ്റെറ്റ്ഗാർട്ടിന്റെ പ്രകടനത്തേയാണ് ഏവരും ഉറ്റു നോക്കുന്നത്. പെല്ലെഗ്രിനോ മറ്റരാസോയുടെ കീഴില്‍ തുടര്‍ച്ചയായ രണ്ടാം സീസണിന് ഒരുങ്ങുകയാണ് ടീം.
പ്രീ സീസണ് മത്സരങ്ങളില്‍ കരുത്തരായ ബാഴ്സലോണയോട് മാത്രമാണ് അവര്‍ തോറ്റത്. കഴിഞ്ഞ സീസണിലെ ഒന്‍പതാം സ്ഥാനം മെച്ചപ്പെടുത്തുമെന്നുള്ള ഉറപ്പ് ടീമിന്റെ പ്രകടനത്തില്‍ കാണാന്‍ കഴിഞ്ഞു.
Also Read: India vs England 2nd Test, Day 1: രോഹിതിന് അര്‍ദ്ധ സെഞ്ചുറി; ഇന്ത്യയ്ക്ക് മികച്ച തുടക്കം