തിരുവനന്തപുരം: ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ചോദ്യോത്തരവേള തുടങ്ങിയത് മുതല്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബാനര്‍ ഉയര്‍ത്തി. സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന് ഡല്‍ഹിയില്‍ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്കരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പരിഹസിച്ചു.
അതേ സമയം ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസവും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയാണ്. ഡോളര്ക്കടത്തുകേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേ നല്കിയ മൊഴി ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികള്‍ പൂര്‍ണമായും ബഹിഷ്കരിച്ചിരുന്നു.
സഭയ്ക്കകത്തും കവാടത്തിലും മുദ്രാവാക്യംമുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷം പുറത്ത് പ്രതീകാത്മക നിയമസഭ ചേര്‍ന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയുണ്ടായി.