തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം. അറസ്റ്റിലുറച്ച് സിബിഐ മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. എസ്. വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ജയപ്രകാശ്, ഗുജറാത്ത് മുൻ ഡി.ജി.പിയും ഐ.ബി. ചുമതലയും ഉണ്ടായിരുന്ന ആർ.ബി. ശ്രീകുമാർ എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ജസ്റ്റിസ് അശോക് മേനോനാണ് വിധി പറഞ്ഞത്.
നമ്പി നാരായണനെതിരെ ഐ.എസ്.ആർ.ഒ. ചാരക്കേസിൽ പതിനെട്ടോളം പേരെ പ്രതി ചേർത്തു കൊണ്ടാണ് സി.ബി.ഐ. എഫ്.ഐ.ആർ. സമർപ്പിച്ചത്. അന്നത്തെ പോലീസ് ഉദ്യോഗസ്ഥരും ഐ.ബി. ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തി എന്നതാണ് കേസിന് ആധാരം. എസ്. വിജയനടക്കമുള്ളവരെ നേരത്തെ തന്നെ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
സംഭവം നടന്നിട്ട് ഒരുപാട് നാളുകളായി. ഇത്തരത്തിലുള്ള ഗൂഢാലോചനകളോ മറ്റു കാര്യങ്ങളോ ഒന്നും നടന്നിട്ടില്ല. തങ്ങൾക്ക് പ്രായാധിക്യമുള്ളത് കൊണ്ട് തന്നെ മുൻകൂർ ജാമ്യം അനുവദിക്കണം. നിലവിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ വ്യക്തമാക്കിയത്.
എന്നാൽ ചാരക്കേസ് രാജ്യത്തിനെതിരെ നടന്ന ഗൂഢാലോചനയാണ്. നിയമവഴിയിൽ നിന്ന് പുറത്തു ചാടാനാണ് ഇപ്പോൾ പ്രതികൾ ശ്രമിക്കുന്നത്. അന്താരാഷ്ട്ര ഗൂഢാലോചനകൾ അടക്കം ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ ചാരക്കേസിന്റെ പശ്ചാത്തലത്തിൽ ക്രയോജനിക് വികസനം 20 വർഷത്തോളം പിന്നോട്ട് പോയിരിക്കുകയാണെന്നും അത് കൊണ്ട് തന്നെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സി.ബി.ഐ. കോടതിയിൽ വാദിച്ചത്.
ISRO Espionage case: Grant anticipatory bail former gujarat DGP sreekumar and 3 others