തിരുവനന്തപുരം : കഴക്കൂട്ടത്ത് മോഷ്ടിച്ചു കടത്തുകയായിരുന്ന ജീപ്പ് കടയിലേക്ക് ഇടിച്ച് കയറി. ദേശീയ പാതയിൽ കഴക്കൂട്ടം ആറ്റിൻകുഴിയിലെ ‘ഹാജി അലി’ എന്ന ജ്യൂസ് കടയിലേക്കാണ് നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചു കയറിയത്. രാത്രി 12.30 ന് എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിക്കുന്നിടത്തായിരുന്നു അപകടം. രാത്രിയായതിനാൽ ആളപായമൊന്നുമില്ല. അപകടത്തിന് പിന്നാലെ ജീപ്പിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ജീപ്പ് ഓടിച്ച ആളിനെ പറ്റി പോലിസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.
അതേസമയം വാഹനത്തിലുണ്ടായിരുന്ന ആളിന് പരിക്ക് പറ്റിയിട്ടുണ്ടാകാം എന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സമീപത്തെ ആശുപത്രികളിൽ പോലീസ് അന്വേഷിച്ചെങ്കിലും പരിക്ക് പറ്റിയ ആളെ കുറിച്ച് യാതൊരു വിവരങ്ങളും പോലീസിന് ലഭിച്ചില്ല. വാഹനം കടയിലേക്ക് ഇടിച്ച് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
കന്യാകുമാരി ജില്ലയിൽ ഇരണിയൽ റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ജീപ്പ് ആണ് മോഷ്ടിച്ചതെന്ന വിവരം ലഭിച്ചിട്ടുണ്ട്. അപകടത്തിൽ നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി കടയുടമ പറഞ്ഞു.
ഹൈവേ നിർമ്മാണം ആരംഭിക്കുന്ന ഇവിടെ മതിയായ സൂചനാ ബോർഡുകളില്ലാത്തതിനാൽ രാത്രികാലങ്ങളിൽ അപകടം പതിവാണ്. മാസങ്ങൾക്കു മുൻപ് തമിഴ്നാട് ലോറി ഇടിച്ചു കയറി ഡ്രൈവർ മരിച്ചിരുന്നു.
Content Highlights: Stolen jeep got accident in kazhakuttam