തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് കനിവ് 108 ആംബുലന്‍സില്‍ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശീതളിനെ ബന്ധുക്കള്‍ ചെങ്ങനൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശീതളിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനാണ് കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കണ്ട്രോള് റൂമില്‍ നിന്ന് ഉടന്‍ തന്നെ അത്യാഹിത സന്ദേശം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് ജീവനക്കാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തി ശീതളുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചു.
കോട്ടയം നഗരത്തില്‍ എത്തിയപ്പോഴേക്കും ശീതളിന്റെ ആരോഗ്യനില വഷളായി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് സിജുവിന്റെ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയുന്ന സാഹചര്യമല്ല എന്ന് മനസിലാക്കുകയും ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. സിജുവിന്റെ പരിചരണത്തില്‍ 5 മണിയോടെ ശീതള്‍ കുഞ്ഞിന് ജന്മം നല്കി. പ്രഥമ ശുശ്രൂക്ഷ നല്കിയ ശേഷം ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അഭിലാഷ്, ശീതള്‍ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.
കൃത്യസമയത്ത് പരിചരണം നല്കി അമ്മയേയും കുഞ്ഞിനേയും സുഖമായി ആശുപത്രിയിലെത്തിച്ച കനിവ് 18 ആംബുന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് സിജു തോമസ് നൈനാന്, പൈലറ്റ് രാഹുല്‍ മുരളീധരന് എന്നിവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
content highlights : ambulance staff help women deliver baby in ambulance