തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടപ്പിലാക്കാന്‍ വൈകുമെന്ന് സൂചന. മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് ഓണ്‍ലൈനായി മദ്യവില്പനയ്ക്ക് ബെവ്കോ നീക്കം തുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പഴവങ്ങാടി ഉള്‍പ്പെടെയുള്ള 13 ഔട്ട്ലെറ്റുകളില് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയിരുന്നു.
ബെവ്കോ സൈറ്റുവഴി ഔട്ട്ലെറ്റ് തിരഞ്ഞെടുത്ത് പണമടച്ചതിന് ശേഷം അതിന്റെ രസീതുമായി ഔട്ട്ലെറ്റിലെത്തി മദ്യം വാങ്ങുന്ന രീതിയാണ് ബെവ്കോ പരീക്ഷിച്ചത്. ഇത് നിലവില്‍ ഭാഗികമായി വിജയകരമാണെന്ന് ബെവ്കോ വിലയിരുത്തുന്നു.
എന്നാല്‍ സംസ്ഥാനം മുഴുവന്‍ ഈ രീതി പ്രാവര്‍ത്തികമാക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ധാരാളമുണ്ടെന്ന് ബെവ്കോ അറിയിച്ചു. നിലവില്‍ 301 ഔട്ട്ലെറ്റുകളാണ് കേരളത്തില്‍ ആകെ ബെവ്കോയ്ക്ക് ഉള്ളത്. ബാക്കി കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്ലെറ്റുകളാണ്. ഇതില്‍ നാമമാത്രമായ ഔട്ട്ലെറ്റുകളില് മാത്രമാണ് കംപ്യൂട്ടറൈസേഷന് നടന്നിട്ടുള്ളത്. ഇത്രയും ഔട്ട്ലെറ്റുകളില് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. അതിനാല്‍ ഇത്തവണ ഓണത്തിന് ഓണ്‍ലൈന്‍ മദ്യവില്പന പ്രാവര്‍ത്തികമാകില്ലെന്നും ബെവ്കോ അറിയിച്ചു.
ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്കും സാഹചര്യങ്ങളും ഹൈക്കോടതിയുടെ വിമര്‍ശനത്തിനും കാരണമായിരുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ കാത്തുകെട്ടി നില്‍ക്കേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. അത്തരമൊരു സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ വില്‍പ്പനയുടെ സാധ്യത പരീക്ഷിച്ചത്.
നിലവിലെ കോവിഡ് നിയന്ത്രണ രീതി പ്രകാരം കോവിഡ് വാക്സിന് എടുത്തവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മാത്രമേ ബെവ്കോ ഔട്ട്ലെറ്റുകളിലും, ബാറുകളിലും വഴി മദ്യം വാങ്ങാന്‍ സാധിക്കു. അതിനാല്‍ തന്നെ നിലവില്‍ ബെവ്കോ ഔട്ട്ലെറ്റുകളില് തിരക്ക് കുറവാണെന്നാണ് വിലയിരുത്തല്‍. കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
content highlights: online liquor sale may be delayed in kerala